തൃക്കാക്കരയിൽ രണ്ടര വയസുകാരിക്ക് ഗുരുതര സാഹചര്യത്തിൽ പരിക്കേറ്റ സംഭവത്തിൽ ഒളിവിലായിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടിയുടെ കുടുംബത്തിന് ഒപ്പം താമസിച്ചിരുന്ന ആന്റണി ടിജിൻ എന്നയാളാണ് കസ്റ്റഡിയിലായിരിക്കുന്നത്. ഇയാളാണ് കുട്ടിയെ മർദ്ദിച്ചതെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
മൈസൂരുവിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. യുവാവിനെ കേരളത്തിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. മർദ്ദനമേറ്റ കുട്ടിയുടെ മാതാവിന്റെ സഹോദരിക്കും കുട്ടിക്കും ഒപ്പമാണ് ടിജിൻ മൈസൂരുവിലെത്തിയത്. മൂവരെയും കൊച്ചിയിലെത്തിക്കുമെന്നാണ് വിവരം.