ഇടപ്പള്ളി അഞ്ചുമനയിലെ വസ്തു വില്‍പ്പനയിടപാടില്‍ കള്ളപ്പണം കൈമാറുന്നതിനിടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ മധ്യസ്ഥനായ പി ടി തോമസ് ഇറങ്ങിയോടിയ അതേ രംഗത്തെ ഓർമിപ്പിക്കുന്നതായിരുന്നു തിരുവനന്തപുരത്തെ കോൺഗ്രസ് നേതാക്കളുടെ കൂട്ടയോട്ടവും.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഔദ്യോഗിക വസതിയിൽ രഹസ്യ ഗ്രൂപ്പ് യോഗം ചേരുന്നതിനിടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ചാരന്മാർ നടത്തിയ മിന്നൽ റെയ്ഡിനിടെയാണ് കോൺഗ്രസ് നേതാക്കൾ പലവഴിക്കായി ഓടിയത്. പലർക്കും വഴി തേടിയെങ്കിലും ഒരാൾ പോലും തിരിഞ്ഞുനോക്കാതെയാണ് ഓടിയതെന്നാണ് സുധാകരനെ അനുകൂലിക്കുന്നവർ പറയുന്നത്.
രഹസ്യ യോഗം നടക്കുന്നതിനിടെ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ, കെപിസിസി പ്രസിഡന്റിന്റെ സെക്രട്ടറി വിപിൻ മോഹൻ എന്നിവരാണ് റെയ്ഡ് നടത്തിയത്. റെയ്‌ഡിനായി പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ ഇവർ എത്തുമ്പോഴെക്കും നേതാക്കൾ പലവഴിക്ക് ഓടിയതായാണ് വിവരം. തിരുവനന്തപുരത്തെ മുൻ ജില്ലാ ഭാരവാഹിയും മുൻ മന്ത്രിയുമായ വി എസ് ശിവകുമാർ പിന്നാമ്പുറം വഴി ഓടിയാണ് തടി രക്ഷിച്ചത്. ശബരിനാഥനും കെ പി ശ്രീകുമാറും യൂജിൻ തോമസ്, എം എം വാഹിദ് എന്നിവരും കെ സുധാകരന്റെ ചാരന്മാരുടെ കയ്യിൽ പെടാതെ തലങ്ങും വിലങ്ങും രക്ഷപ്പെട്ടു.
അകത്തുണ്ടായിരുന്ന നേതാക്കളില്‍ മിക്കവരും ഇവര്‍ എത്തിയതോടെ പല വാതിലുകള്‍ വഴി പുറത്തിറങ്ങി. ചുരുക്കം ചിലര്‍ മുന്‍വാതിലിലൂടെയും. ഡിസിസി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍, എം എം വാഹിദ്, വി എസ് ശിവകുമാര്‍, കെ എസ് ശബരീനാഥ് തുടങ്ങിയ തിരുവനന്തപുരം ജില്ലയിലെ നേതാക്കളും കെപിസിസി ജനറല്‍ സെക്രട്ടറി കെ പി ശ്രീകുമാര്‍,യൂജിന്‍ തോമസ് തുടങ്ങിയവരുമാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നത്.
അതിനിടെ, രഹസ്യ ഗ്രൂപ്പ് യോഗത്തിനെതിരെ കെ സുധാകരൻ കെ സി വേണുഗോപാലിന് പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. സതീശൻ ഗ്രൂപ്പിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് യോഗം നടത്തിയത്. രഹസ്യ യോഗത്തിന്റെ വിവരം സുധാകരനെത്തിച്ചതിൽ ഉമ്മൻചാണ്ടിയെയും ചെന്നിത്തലയേയും അവരുടെ അനുയായികളെ സംശയിക്കുന്നവരും കോൺഗ്രസിലുണ്ട്.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രാധിനിത്യം ഉറപ്പിക്കുന്നതിനാണ് യോഗം ചേർന്നത്. അതിനിടെ, ഉമ്മന്‍ചാണ്ടി, മുന്‍ ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തി പുതുപ്പള്ളിയിൽ എ ഗ്രൂപ്പ് രഹസ്യയോഗം ചേർന്നു. കെപിസിസി സെക്രട്ടറി അടക്കമുള്ളവർ ഈ യോഗത്തിൽ സംബന്ധിച്ചു. എംഎല്‍എ ഫണ്ട് വിതരണത്തിന്റെ റിവ്യൂ മീറ്റിംഗ് ആണെന്നായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്.