മഹാരാഷ്‌ട്രയിലെ തലാസരിയിൽ അറുപതാം വർഷവും ചെങ്കൊടി പാറിച്ച്‌ സിപിഐ എം

0
75

അറുപത്‌ വർഷമായി തുടരുന്ന വിജയം ഇത്തവണയും തലാസരിയിൽ സിപിഐ എം ആവർത്തിച്ചു. തുടർച്ചയായ അറുപതാം വർഷവും മഹാരാഷ്‌ട്രയിലെ തലാസരിയിൽ ചെങ്കൊടി ഭരണം തുടരും. മഹാരാഷ്‌ട്രയിൽ തലാസരി നഗർ പഞ്ചായത്ത് സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചെയർപേഴ്‌സൺ സീറ്റും വൈസ് ചെയർപേഴ്‌സൺ സീറ്റും സിപിഐ എം വിജയിച്ചു. ശിവസേനക്കെതിരായ കടുത്ത മത്സരത്തിനൊടുവിലാണ് തലാസരി വീണ്ടും ചുവപ്പണിഞ്ഞത്.

പാർടി തലാസരി താലൂക്ക് സമിതി അംഗം സുരേഷ് ഭോയെ ചെയർപേഴ്‌സണായും സുഭാഷ് ദമാഡ വൈസ് ചെയർപേഴ്‌സണായും തെരഞ്ഞെടുക്കപ്പെട്ടു. 2015ലാണ് തലാസരി ഗ്രാമപഞ്ചായത്ത് നഗര പഞ്ചായത്തായി ഉയർത്തപ്പെടുന്നത്. 1962 മുതൽ 2015 വരെയുള്ള ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെല്ലാം കമ്മ്യൂണിസ്റ്റ് പാർടി തന്നെയായിരുന്നു വിജയം കൈവരിച്ചത്. 1962ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർടിയും 1964 മുതൽ സിപിഐ എമ്മും ഭരിക്കുന്ന ഇവിടം ഇപ്പോഴും ബിജെപിക്കും ശിവസേനക്കും ബാലികേറാമലയാണ്.


ആദിവാസി മേഖലയായ പാൽഘർ ജില്ലയിൽ ഉൾപ്പെടുന്ന പ്രദേശമാണ്‌ തലാസരി. ഈ മേഖലയിലെ 5 ജില്ലാ പരിഷത്ത് സീറ്റുകളിൽ 4ഉം ജയിച്ചതും സിപിഐ എം ആണ്. 1978 മുതൽ തുടർച്ചയായ വർഷങ്ങളിൽ മഹാരാഷ്‌ട്ര നിയമസഭയിലേക്ക് സിപിഐ എം അംഗങ്ങളെ അയക്കുന്ന മണ്ഡലം കൂടിയാണിത്. 2014ലെ ഒരു തോൽവി ഒഴിച്ചുനിർത്തിയാൽ ഇപ്പോഴും സിപിഐ എം നേതാവ് വിനോദ് നിക്കോളെയാണ് എംഎൽഎ. ആദിവാസി മേഖലയിലെ നിരവധി പ്രശ്‌ന‌ങ്ങൾ ഏറ്റെടുത്ത് ശക്തമായ പോരാട്ടങ്ങളുമായി ഇനിയും മുന്നോട്ടുപോകാനുള്ള ഊർജ്ജമാണ് സിപിഐ എം നേടിയിട്ടുള്ള ഈ വിജയം.