റിപ്പോര്‍ട്ടിംഗിനിടെ ശക്തമായ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര മാദ്ധ്യമമായ സി എന്‍ എന്നിന്റെ റിപ്പോര്‍ട്ടര്‍. ഇന്ന് അതിരാവിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അതിഭയങ്കര ശബ്ദം കേട്ടുവെന്ന് മാദ്ധ്യമപ്രവര്‍ത്തകനായ മാത്യു ചാന്‍സ് പറയുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പുലര്‍ച്ചെ 5.50ന് രാജ്യത്തെ അഭിസംബോധന ചെയ്ത് മിനിട്ടുകള്‍ക്ക് ശേഷമാണ് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി മാത്യു ചാന്‍സ് പറയുന്നത്. എട്ടോളം സ്ഫോടന ശബ്ദങ്ങള്‍ കേട്ടുവെന്ന് മാത്യു വെളിപ്പെടുത്തുന്നു.
വലിയ സ്ഫോടനങ്ങള്‍ നടക്കുകയാണ് ഇവിടെ. എനിക്കവ കാണാന്‍ സാധിക്കാത്തതിനാല്‍ എന്താണവയെന്ന് പറയാന്‍ സാധിക്കില്ല. വ്യോമാക്രമണങ്ങളും കരയിലൂടെയുള്ള ആക്രമണങ്ങളും ഉണ്ടാകുമെന്ന് അമേരിക്ക യുക്രെയിനിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പുടിന്റെ അഭിസംബോധനയ്ക്ക് പിന്നാലെയാണ് സ്ഫോടനങ്ങള്‍ നടന്നത്. ഇവിടെ മുഴുവന്‍ നല്ല നിശബ്ദതയായിരുന്നു. പിന്നാലെയാണ് ഭീകരമായ പൊട്ടിത്തെറി ശബ്ദങ്ങള്‍ കേട്ടതെന്നും മാത്യു ചാന്‍സ് പറഞ്ഞു. തുടര്‍ന്ന് മാത്യു സുരക്ഷ മുന്‍നിര്‍ത്തി ഹെല്‍മറ്റ് അണിയുന്നതും ജാക്കറ്റ് ഇടുന്നതും ദൃശ്യങ്ങളില്‍ കാണാം.
അതേസമയം, യുക്രെയിനില്‍ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. യുക്രെയിനിന്റെ വ്യോമതാവളങ്ങള്‍ തകര്‍ത്തു. പിടിച്ചുനില്‍ക്കാന്‍ യുക്രെയിന്‍ പ്രത്യാക്രമണവും ആരംഭിച്ചിരിക്കുകയാണ്. റഷ്യയുടെ അഞ്ച് വിമാനങ്ങളും ഒരു ഹെലികോപ്ടറും തകര്‍ത്തു. കര,വ്യോമ,നാവിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് റഷ്യന്‍ ആക്രമണം തുടരുകയാണ്. ബഹുമുഖ ആക്രമണ പദ്ധതിയാണ് റഷ്യ നടപ്പാക്കുന്നത്.