കെപിഎസി ലളിതയ്ക്ക് കേരളം വിട നൽകി. എങ്കക്കാട്ടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. തൃശൂർ വടക്കാഞ്ചേരി നഗരസഭയിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് വടക്കാഞ്ചേരിയിലെ എങ്കക്കാട്ടെ ഓർമ്മ എന്ന വീട്ടിൽ എത്തിച്ചത്. ഇവിടെയും മൃതദേഹം പൊതുദർശനത്തിനുവച്ചു. അന്തിമോപചാരം അർപ്പിക്കുന്നതിനായി നിരവധി ആളുകളാണ് എത്തിയത്. മലയാളത്തിലും തമിഴിലുമായി 550ൽപരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നാടകരംഗത്തു നിന്നാണ് സിനിമയിലെത്തിയത്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടു പ്രാവശ്യവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുപ്രാവശ്യവും സ്വന്തമാക്കി. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു. അന്തരിച്ച പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ