തെറ്റുകൾക്ക് മാപ്പ്, തെരഞ്ഞെടുപ്പ് വേദിയില്‍ ഏത്തമിട്ട് ബിജെപി എംഎല്‍എ

0
82

തെരഞ്ഞെടുപ്പ് റാലിയുടെ നടുവില്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ ഏത്തമിട്ട് മാപ്പ് പറഞ്ഞ് ബിജെപി എംഎൽഎ. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയിലാണ് സംഭവം. തെരഞ്ഞെടുപ്പ് റാലി നടക്കുന്നതിനിടെയാണ് ഭൂപേഷ് ചൗബ കസേരയില്‍ എഴുന്നേറ്റ് നിന്ന് ഏത്തമിടാന്‍ തുടങ്ങിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ തന്റെ ഭരണകാലത്ത് സംഭവിച്ച തെറ്റുകള്‍ നിങ്ങള്‍ മാപ്പാക്കണം എന്ന് പറഞ്ഞാണ് എംഎല്‍എ ഏത്തമിടല്‍ തുടങ്ങിയത്. വീണ്ടും ജനവിധി തെടേുന്ന കിഴക്കന്‍ യുപിയിലെ തന്റെ മണ്ഡലമായ റോബര്‍ട്ട് ഗഞ്ചില്‍ നടന്ന തെരഞ്ഞെടുപ്പ് സമ്മേളനറാലിയിലാണ് എം എൽ എയുടെ നാടകീയ നീക്കം.

വേദിയിലിരിക്കുന്ന നേതാക്കള്‍ക്കോ റാലിയില്‍ പങ്കെടുത്ത ജനങ്ങള്‍ക്കോ ആദ്യം കാര്യം പിടികിട്ടിയില്ല. ‘ദൈവതുല്യരായ എന്റെ വോട്ടര്‍മാര്‍ 2017 തെരഞ്ഞെടുപ്പില്‍ എന്നെ അനുഗ്രഹിച്ചതു പോലെ ഈ തെരഞ്ഞെടുപ്പിലും വോട്ടുകളിലൂടെ അനുഗ്രഹം നല്‍കണമെന്നും’ കൂപ്പുകൈകളോടെ ചൗബ ആവശ്യപ്പെട്ടു. എംഎല്‍എ ഏത്തമിടാന്‍ തുടങ്ങിയപ്പോള്‍ അണികള്‍ മുദ്രാവാക്യങ്ങളും കൈയടികളുമായി പ്രോത്സാഹിപ്പിച്ചു.
ബി ജെ പി എം എല്‍ എയുടെ ഏത്തമിടൽ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഭൂപേഷ് ചൗബേ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന പൊതുവികാരം ജനങ്ങള്‍ക്കിടയിലുണണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ട് തന്നെ ജനവികാരം തനിക്കെതിരാണെന്ന് ചൗബേക്കറിയാമായിരുന്നു. അതിനാലാണ് ഇത്തരമൊരു നാടകീയ നീക്കം നടത്തിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.