കെപിഎസി ലളിതയ്‌ക്ക്‌ അന്ത്യാഞ്‌ജലിയേകാൻ ആയിരങ്ങൾ; സംസ്‌കാരം ഏങ്കക്കാട്ടെ വീട്ടുവളപ്പിൽ

0
107

അന്തരിച്ച ചലച്ചിത്ര നടി കെപിഎസി ലളിതയ്‌ക്ക്‌ അന്ത്യാഞ്‌ജലിയേകാൻ താരങ്ങളടക്കം അനവധിപേർ. മകൻ സിദ്ധാർത്ഥ്‌ ഭരതന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിൽനിന്ന്‌ മൃതദേഹം തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്പലത്തിൽ പൊതുദർശനത്തിനായെത്തിച്ചു. സംസ്കാരം വൈകിട്ട് 5ന് വടക്കാഞ്ചേരി ഏങ്കക്കാടുള്ള വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

എറെ പ്രിയപ്പെട്ടൊരാളാണ്‌ വിട്ടുപോയതെന്ന്‌ മമ്മുട്ടി അനുശോചനകുറിപ്പിൽ പറഞ്ഞു. മോഹൻലാൽ രാത്രിതന്നെ ഫ്‌ളാറ്റിലെത്തി അന്ത്യോപചാരമർപ്പിച്ചു.
മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. നാടകത്തിലൂടെ അഭിനയരംഗത്തെത്തി. രണ്ട്പ്രാവശ്യം മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും (അമരം–1991, ശാന്തം–2000) നാലുതവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും (1975 –നീലപ്പൊന്മാന്‍, 1978–ആരവം, 1990 –അമരം), 1991 –കടിഞ്ഞൂല്‍ കല്യാണം, ഗോഡ്ഫാദര്‍, സന്ദേശം) ലഭിച്ചു. കേരള സംഗീത നാടക അക്കാദമി അധ്യക്ഷയായിരുന്നു.

10 വയസ്സുള്ളപ്പോള്‍ നാടക അഭിനയം ആരംഭിച്ചു. ചെറുപ്പംമുതല്‍ നൃത്തം അഭ്യസിച്ചു. ഗീഥയുടെ ബലിയായിരുന്നു ആദ്യ നാടകം. പിന്നീട് കെപിഎസിയില്‍ ചേര്‍ന്നു. അവിടെ ആദ്യകാല ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളില്‍ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്ത നാടകങ്ങളില്‍ അഭിനയിച്ചു.

1970ല്‍ ഉദയായുടെ ‘കൂട്ടുകുടുംബ’ത്തിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം. 1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതനെ വിവാഹംകഴിച്ചു. 1998-ല്‍ ഭരതന്റെ മരണശേഷം സിനിമയില്‍നിന്ന് വിട്ടുനിന്നു. പക്ഷേ 1999-ല്‍ സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ ശക്തമായി തിരിച്ചു വന്നു.

ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. ചെറുകാട് പുരസ്‌കാരം ലഭിച്ച ‘കഥ തുടരു’മാണ് ആത്മകഥ. അഭിനയത്തിന് ദേശീയപുരസ്‌കാരം. അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകളിലെ ശബ്ദസാന്നിധ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇടതുപക്ഷ സഹയാത്രികയായിരുന്നു. ആലപ്പുഴ കായംകുളത്തിനടുത്ത് രാമപുരത്ത് 1947 ഫെബ്രുവരി 25 നായിരുന്നു ജനനം. പിതാവ് ഫൊട്ടോഗ്രഫറായിരുന്ന കെ അനന്തന്‍ നായര്‍, അമ്മ ഭാര്‍ഗവിയമ്മ. അന്തരിച്ച സംവിധായകന്‍ ഭരതനാണ് ഭര്‍ത്താവ്. മക്കള്‍: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍. നാലു സഹോദരങ്ങള്‍.