തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പ്: സിപിഐ എമ്മിന് ചരിത്രമുന്നേറ്റം, 167 സീറ്റ്, കോവില്‍പട്ടി നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി

0
118

തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് മിന്നുംവിജയം. ചൊവ്വ വൈകിട്ട് 6.30 വരെയുള്ള ഫലപ്രഖ്യാപനത്തില്‍ 167 സീറ്റ് സിപിഐ എം നേടി. തിരുപ്പൂര്‍, മധുര കോര്‍പ്പറേഷനുകളില്‍ എതാനും സീറ്റുകളുടെ ഫലം വരാനുണ്ട്. സംസ്ഥാനത്ത് ആകെയുള്ള 21 കോര്‍പ്പറേഷനിലെ 25 വാര്‍ഡ്, നഗരസഭകളില്‍ 41 വാര്‍ഡ്, നഗര റൂറല്‍ പഞ്ചായത്തുകളിലായി 101 വാര്‍ഡ് എന്നിങ്ങനെയാണ് ഇതേവരെ സിപിഐ എമ്മിന് ലഭിച്ചത്. കോവില്‍പട്ടി നഗരസഭയില്‍ സിപിഐ എമ്മാണ് ഏറ്റവും കൂടുതല്‍ സീറ്റുള്ള പാര്‍ടി.

21 കോര്‍പ്പറേഷനിലായി 61 വാര്‍ഡിലാണ് സിപിഐ എം മത്സരിച്ചത്. ഇതില്‍ 25 സീറ്റ് നേടാന്‍ സിപിഐ എമ്മിന് കഴിഞ്ഞു. ചെന്നൈ, മധുര, കോയമ്പത്തൂര്‍ എന്നിവടങ്ങളില്‍ നാലു വീതം സീറ്റ് ലഭിച്ചു. ദിണ്ഡിക്കലില്‍ മൂന്നു സീറ്റും സേലം, കുംഭകോണം, ഈറോഡ്, തിരുപ്പൂര്‍, കരൂര്‍, തഞ്ചാവൂര്‍, തിരുച്ചിറപള്ളി കോര്‍പ്പറേഷനുകളില്‍ ഓരോസീറ്റു വീതവും ലഭിച്ചു. കന്യാകുമാരി ജില്ലയില്‍ മുന്നണിയില്ലാതെ തനിച്ചാണ് സിപിഐ എം മത്സരിച്ചത്. ഇവിടെ, നഗരസഭകളില്‍ 15 വാര്‍ഡും റൂറല്‍ പഞ്ചായത്തുകളില്‍ 51 വാര്‍ഡും സിപിഐ എം നേടി.

33 വാര്‍ഡുളള കൊല്ലങ്കോട് നഗരസഭയില്‍ ഒമ്പതു വാര്‍ഡ് സിപിഐ എമ്മിന് ലഭിച്ചു. കുഴിത്തുറൈ നഗരസഭയില്‍ അഞ്ചു സീറ്റ് ലഭിച്ചു. ഇവിടെ രണ്ടിടത്തും സിപിഐ എമ്മിനെ ഡിഎംകെ പിന്തുണച്ചാല്‍ ഭരണം ലഭിക്കും. ജില്ലയില്‍ നിരവധി റൂറല്‍ പഞ്ചായത്തുകളില്‍ സിപിഐഎമ്മിന് തനിച്ച് ഭൂരിപക്ഷമുണ്ട്. കടയല്‍മേട് റൂറല്‍പഞ്ചായത്തില്‍ ആകെയുള്ള 18 വാര്‍ഡില്‍ സിപിഐ എം ഒമ്പതെണ്ണം നേടി.