യഥാസമയത്ത് ശമ്പളം ലഭിക്കുന്നല്ല: സമരവുമായി മാധ്യമം പത്രത്തിലെ ജീവനക്കാർ

0
50

സമയത്ത് ശമ്പളം നല്‍കാതിരിക്കുന്ന ജമാ അത്തെ ഇസ്ലാമി മാനേജ്മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മാധ്യമം ദിനപത്രത്തിലെ ജീവനക്കാര്‍ സമരം തുടങ്ങി. വെള്ളിമാടുകുന്നിലെ ഹെഡ് ഓഫീസിനു മുന്നിൽ ബുധനാഴ്ച രാവിലെ 10 മണി മുതൽ 12 മണിക്കൂർ സൂചനാ ധർണ ആരംഭിച്ചു.

“ഒരു രൂപപോലും അധികമായി ആവശ്യപ്പെട്ടല്ല നമ്മൾ ഈ പോരാട്ടത്തിനിറങ്ങുന്നത്. ഇത്രയുംകാലം നമ്മുടെ ജീവിതത്തിൽ നിന്ന് പറിച്ചെടുത്തുകൊണ്ടിരിക്കുന്നത് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടാണ്. ഏതൊരു മനുഷ്യനും ന്യായമായി ആവശ്യപ്പെടുന്നതിൽ കൂടുതൽ ഒന്നും നമ്മളും ആവശ്യപ്പെടുന്നില്ല. ഇത് സൂചന മാത്രമാണ്. എന്നിട്ടും കണ്ണും കാതും അടച്ചുപൂട്ടിയിരിക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനമെങ്കിൽ റിലേ സത്യഗ്രഹവും നിരാഹാരസത്യഗ്രഹവും മരണംവരെ സത്യഗ്രഹവുമടക്കമുള്ള അതിതീക്ഷ്ണമായ സമരപരമ്പരകളിലേക്ക് നമുക്ക് കടക്കേണ്ടിവരും.”-സമരം നയിക്കുന്ന മാധ്യമം എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

ഡി.എ പൂർണമായി പുനസ്ഥാപിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടിന് സമാശ്വാസമാകാൻ രണ്ടു ദിവസത്തെ സാലറി വിട്ടുകൊടുക്കാമെന്ന് എല്ലാ ചർച്ചകളുടെയും ഒടുവിലായി യൂണിയനുകൾ സിഇഒയുമായി ധാരണയിലായതാണ്. പക്ഷേ, അത് 2023 ജൂൺ വരെ 15 മാസം വേണമെന്നാണ് അദ്ദേഹത്തിന്റെ കടുംപിടിത്തം. രണ്ടു ദിവസത്തെ സാലറി വിട്ടുകൊടുക്കുന്നത് 2022 ജൂൺ 30 വരെയുള്ള ആറുമാസക്കാലത്തേക്കായി നിശ്ചയിക്കണമെന്നും അതിനു ശേഷം സാഹചര്യം അവലോകനം ചെയ്ത് കരാർ നീട്ടണോ എന്ന് തീരുമാനിക്കാമെന്നും ആ ചർച്ചയുടെ തിയതി ഇപ്പോൾ തന്നെ തീരുമാനിക്കാമെന്നും നമ്മൾ അറിയിച്ചതാണ്. പക്ഷേ, അത് അംഗീകരിക്കാൻ സിഇഒ തയാറല്ല.

ഇത്രയും വിട്ടുവീഴ്ച ചെയ്യുന്ന ജീവനക്കാർക്ക് എല്ലാ മാസവും ഏഴാം തിയതിക്കകം ശമ്പളവിതരണം പൂർത്തിയാക്കണമെന്നാണ് ആവശ്യപ്പെട്ടത്.പരമാവധി 10ാം തിയതിക്കുള്ളിലെങ്കിലും സാലറി വിതരണം പൂർത്തിയാക്കണം എന്ന് പിന്നീട് ചർച്ചയിൽ ​ഇളവ് അറിയിക്കുകയുണ്ടായി. എന്നാൽ, 30ാം തിയതിക്കകം മാത്രമേ സാലറി വിതരണം പൂർത്തിയാക്കാനാവൂ എന്നുമാണ് സിഇഒയുടെ പിടിവാശി.

30,000 രൂപയിൽ താഴെയുള്ളവരുടെ സാലറി പിടിക്കരുതെന്ന ആവശ്യവും നിരാകരിക്കുകയാണുണ്ടായത്.ഈ സാഹചര്യത്തിൽ ഫെബ്രുവരി ഒമ്പതിന് പ്രതിഷേധത്തിനൊരുങ്ങിയപ്പോഴാണ് ഈ മാസം 21നകം പ്രശ്നം ഒത്തുതീർപ്പി​ൽ എത്തിച്ച് കരാർ ഒപ്പുവെക്കാമെന്ന് ഉറപ്പുനൽകിയത്. വാക്കു പാലിക്കപ്പെടാൻ സാധ്യതകൾ തെളിയാത്ത സാഹചര്യത്തിലാണ് നേരത്തെ നിർത്തിവെച്ച സമരപരിപാടികൾ ഫെബ്രുവരി 23ന് പുനരാരംഭിക്കാൻ തീരുമാനിച്ചതെന്നു കമ്മിറ്റി പറയുന്നു.