നടന്നത് ഹീനമായ കുറ്റകൃത്യം; പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെയാണെന്ന് അറിയണം; അതിജീവിത

0
97

തനിക്ക് നേരെ നടന്നത് ഹീനമായ കുറ്റകൃതമാണെന്ന് അതിജീവിത. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്നതു മാത്രമാണ് തന്റെ താല്‍പര്യമെന്നും സത്യം കണ്ടെത്തുന്നതിന് തുടരന്വേഷണം നടക്കണമെന്നും അവർ ഹൈക്കോടതിയെ അറിയിച്ചു. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തനിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും തുടരന്വേഷണം തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രതി ദിലീപ് സമര്‍പ്പിച്ച ഹരജിയെ എതിര്ത്താന് അവർ കോടതിയിൽ ഇക്കാര്യം അറിയിച്ചത്.

പ്രതിയുടെ അടുത്ത സുഹൃത്ത് എന്നു പറയുന്നയാളുടെ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളില്‍ കണ്ടതിനെ തുടര്‍ന്ന് ഉടന്‍തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നെന്നും ഗൂഢാലോചന നടത്തിയോ ഇല്ലയോ എന്ന് അറിണമെങ്കില്‍ അന്വേഷണം ആവശ്യമാണെന്നും നടി കോടതിയില്‍ പറഞ്ഞു. തനിക്ക് നേരെ നടന്ന കുറ്റകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരൊക്കെയാണെന്ന് അറിയണമെന്നും നടി കോടതിയില്‍ അറിയിച്ചു.

തുടരന്വേഷണത്തെ എതിര്‍ത്തുകൊണ്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ കക്ഷി ചേരണമെന്ന് കാണിച്ച് നടി നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. തുടര്‍ന്നാണ് തന്റെ ഭാഗം കോടതിയില്‍ നടി വിശദീകരിച്ചത്. അതേസമയം, ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണിലെ നിര്‍ണ്ണായക വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ജനുവരി 29 ന് ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെ ജനുവരി 30 നാണ് വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടത്.