ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ

0
52

പതിനഞ്ചാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഏപ്രിൽ 27, 28, 29, 30 തിയതികളിൽ പത്തനംതിട്ടയിൽ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് എസ് സതീഷ്, ട്രഷറർ എസ് കെ സജീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണം ശനിയാഴ്ച പത്തനംതിട്ടയിൽ നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

സംസ്ഥാനത്തെ 51.97 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 619 പ്രതിനികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. മേഖല, ബ്ലോക്ക് സമ്മേളനങ്ങൾ അടുത്ത ദിവസങ്ങളിൽ പൂർത്തിയാകും. മാർച്ച് 19ന് ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കമാകും. പത്തനംതിട്ടയിലാണ് ആദ്യസമ്മേളനം. ഏപ്രിൽ 22, 23 തിയതികളിൽ കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലാണ് അവസാന ജില്ലാ സമ്മേളനം.

2018ൽ കോഴിക്കോട് നടന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം സംഘടനാപരമായ വളർച്ച നേടാൻ കഴിഞ്ഞു. 57859 പേരുടെ വർധനയാണ് അംഗത്വത്തിലുണ്ടായത്. 1139 യൂണിറ്റുകളും രണ്ട് ബ്ലോക്ക് കമ്മിറ്റികളും 156 മേഖലാ കമ്മിറ്റികളും പുതുതായി രൂപീകരിച്ചു. ട്രാൻസ്ജെൻഡറുകൾക്കായി പ്രത്യേകം യൂണിറ്റുകളുമാരംഭിച്ചു.

പ്രളയം, കോവിഡ് അടക്കം പ്രതിസന്ധി ഘട്ടങ്ങളിൽ ഡിവൈഎഫ്ഐക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാനായതായും ഭാരവാഹികൾ പറഞ്ഞു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ എം വിജിൻ എംഎൽഎ, കെ യു ജനീഷ്‌കുമാർ എംഎൽഎ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.