“വല്ലാതെ ചീറ്റിപ്പോയ പ്രമേയമായിപ്പോയി” ക്രമസമാധാനം തകരണം എന്നത് പ്രതിപക്ഷ മോഹം; മുഖ്യമന്ത്രി

0
65

സംസ്ഥാനത്ത് കൊലപാതക അക്രമ സംഭവങ്ങൾ വർദ്ധിച്ച് വരുന്നതായുളള ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എൻ. ഷംസുദ്ദീന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

“വല്ലാതെ ചീറ്റിപ്പോയ പ്രമേയമായിപ്പോയി. കേരളം ക്രമസമാധാനം തകർന്ന നാടായി മാറണമെന്ന അദ്ദേഹത്തിന്റെ മോഹമാണ് ഇതിൽ കണ്ടത്.വിചിത്രമായി തോന്നിയ ഒരു കാര്യം നിങ്ങൾ നടത്തിയ ദാരുണമായ കൊലപാതകങ്ങളൊന്നും പരാമർശിക്കാതെ പോയത് എന്തുകൊണ്ടാണ് എന്നതാണ് . ഈ അടുത്ത ദിവസമാണ് ഇടുക്കിയിലെ കോളേജ് വിദ്യാർത്ഥിയായ ധീരജിനെ കൊലപ്പെടുത്തിയത്. അവിടുത്തെ കെഎസ്.യു നേതാവ് തന്നെ പറഞ്ഞത് പുറത്തുനിന്ന് വന്നയാളുകളാണ് കൊലപാതകം നടത്തിയത് എന്നും തങ്ങൾക്ക് അതിൽ പങ്കില്ലായെന്നുമാണ്. ക്യാമ്പസുകളെപോലും സംഘർഷവേദിയാക്കാൻ നിങ്ങൾ ശ്രമിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്.”-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ബിജെപിയും എസ്ഡിപിഐയും പരസ്പരം നടത്തിയ കൊലപാതകങ്ങളിൽ ചിലർ കൊല്ലപ്പെട്ടത്. ആലപ്പുഴയിൽ എസ്ഡിപിഐ പ്രവർത്തകനും ബിജെപി പ്രവർത്തകനും കൊല്ലപ്പെട്ടു. സംഭവത്തെ അപലപിക്കാതെ പോലീസിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിച്ചത്. പാലക്കാട്ടും ബിജെപി പ്രവർത്തകനെ എസ്ഡിപിഐക്കാർ കൊലപ്പെടുത്തി.

ആരാണ് പ്രശ്‌നക്കാർ

ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ 3 എണ്ണത്തിൽ പ്രതികളായത് ആർഎസ്എസ്, ബിജെപി പ്രവർത്തകരാണ്. രണ്ടെണ്ണത്തിൽ പ്രതികളായത് എസ്ഡിപിഐ പ്രവർത്തകരാണ്. ഒരെണ്ണത്തിൽ കോൺഗ്രസ്സുകാരും. ഇത് കാണിക്കുന്നത് എന്താണ്? കേരളത്തിൽ കലാപമുണ്ടാക്കാൻ വർഗ്ഗീയ ശക്തികളും നിങ്ങളുമാണ് കാരണക്കാരായിട്ടുള്ളത്. കൊലക്കത്തി എടുത്തവർ കൊലക്കത്തി താഴെ വച്ചാൽ തീരാവുന്ന പ്രശ്‌നമേയുള്ളുവെന്നാണ് ഇത് കാണിക്കുന്നത്.

യഥാർത്ഥത്തിൽ വർഗ്ഗീയ ശക്തികൾ നടത്തുന്ന ശ്രമങ്ങളെ തുറന്നുകാണിച്ച് മുന്നോട്ടുപോകേണ്ട ഘട്ടത്തിൽ അതിന് പകരം സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള നിങ്ങളുടെ ശ്രമം ആരെ സംരക്ഷിക്കാനാണ്.

നിങ്ങൾക്ക് പങ്കാളിത്തമുള്ള കൊലപാതക പരമ്പരകളിലേക്ക് ഞാൻ കടക്കുന്നില്ല. തിരുവനന്തപുരത്ത് നടത്തിയത് ഇരട്ടകൊലപാതകമാണ്. 25.01.2021 മുതൽ 21.02.2022 വരെ നടന്ന 6 രാഷ്ട്രീയ കൊലപാതകങ്ങളിൽ 3 സിപിഐ(എം) പ്രവർത്തകരാണ് കൊല്ലപ്പെട്ടത് എന്ന് കാണാവുന്നതാണ്. ഇതിൽ എസ്ഡിപിഐ, ആർഎസ്എസ്, ബിജെപി, യൂത്ത്‌കോൺഗ്രസ്സ്, കെ.എസ്.യു പ്രവർത്തകരാണ് പ്രതികളായിട്ടുള്ളത്. ഇത് കാണിക്കുന്നത് എന്താണ്? കേരളത്തിൽ യുഡിഎഫും ബിജെപിയും എസ്ഡിപിഐയും എല്ലാം ചേർന്ന് നാട്ടിനെ കുരുതിക്കളമാക്കാൻ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. എന്നാൽ ഇത്തരം കൊലപാതകങ്ങളിൽ ശക്തമായ നിലപാട് സ്വീകരിച്ച് പ്രതികളെയെല്ലാം അറസ്റ്റ് ചെയ്യുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു.

വർഗ്ഗീയ സംഘർഷമുണ്ടാക്കാനുള്ള ശ്രമം

കഴിഞ്ഞ ദിവസങ്ങളിലാണ് വാട്ട്‌സ്അപ്പിൽ സന്ദേശമയക്കാതെ ഒരു പോസ്റ്റർ പോലും ഒട്ടിക്കാതെ ഫോണുകളിൽ സംസാരിക്കാതെ ഒരു അപ്രതീക്ഷിത പ്രതിഷേധമെന്ന് പറഞ്ഞ് ബിജെപിയുടെ നേതൃത്വത്തിൽ ന്യൂനപക്ഷ കേന്ദ്രങ്ങളിലും മറ്റും പ്രകടനവും അക്രമവും ഉണ്ടാക്കാൻ പ്ലാനിംഗ് ഉണ്ടായത്. ഇതിനെ കണ്ടെത്തിയത് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ്. അവരുടെ ക്രിയാത്മകമായ ഇടപെടലിലൂടെയാണ് കേരളത്തെ കലാപഭൂമിയാക്കാനുള്ള ബിജെപിയുടെ പരിശ്രമത്തെ തടഞ്ഞതെന്ന് നിങ്ങൾ മറക്കരുത്. എന്തേ ഇവരെ പറ്റിയും ഇത്തരം സംഭവങ്ങളെപ്പറ്റിയും നേരിയ ഒരു പരാമർശം ഇല്ലാതെ പോകുന്നത്.

കേരളത്തിൽ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത വാട്ട്‌സ്അപ്പ് ഹർത്താലിനും കേരളം സാക്ഷ്യംവഹിച്ചു. കലാപമുണ്ടാക്കാനുള്ള ആ പരിശ്രമത്തെ പരാജയപ്പെടുത്തിയതും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നതും കേരള പോലീസല്ലേ?

ഇവിടെ സംഭവിക്കുന്നത് എന്താണ് ? നിങ്ങളും വർഗ്ഗീയ ശക്തികളും ഒരുങ്ങി ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. നിങ്ങൾ ഉണ്ടാക്കുന്ന ക്രമസമാധാന പ്രശ്‌നമാണ് കേരളത്തിലുള്ളത്. അത് നിയന്ത്രിക്കാൻ പോലീസിന്റെ ശക്തമായ ഇടപെടൽ നടക്കുന്നുവെന്നതാണ് ഒരോ സംഭവങ്ങൾ നടക്കുമ്പോഴും പ്രതികളെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്യുന്ന പോലീസിന്റെ മികവ് കാണിക്കുന്നത്.

രാജ്യത്തെ എല്ലായിടങ്ങളിലും വർഗ്ഗീയ സംഘർഷങ്ങളുടെ കരിനിഴൽ വീഴ്ത്തിക്കൊണ്ട് സംഘപരിവാർ മുന്നോട്ടുപോകുകയാണ്. എന്നാൽ വർഗ്ഗീയ സംഘർഷമില്ലാത്ത സംസ്ഥാനമാക്കി നമ്മുടെ നാടിനെ നിലനിൽക്കാൻ കഴിഞ്ഞതിൽ പിന്നിൽ പോലീസിന്റെ പങ്ക് നാം വിസ്മരിക്കരുത്. പശുവിന്റെ പേരിൽ ആളുകളെ കൊലപ്പെടുത്തുന്ന സ്ഥിതി സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. ഇത്തരം ഇടപെടലുകളാണ് ഇന്ത്യയിലെ എറ്റവും മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റിയത് എന്ന് നിങ്ങൾ വിസ്മരിക്കരുത്.

പോലീസിന്റെ സേവനം വിസ്മരിക്കരുത്

പോലീസ് ക്രമസമാധാനപാലനത്തിനും കേസന്വേഷണത്തിനും മാത്രമല്ല, ഈ നാട്ടിലെ എല്ലാ പ്രയാസങ്ങളിലും ജനങ്ങളോടൊപ്പം അണിനിരന്ന് കൈത്താങ്ങായി അവരുണ്ടായിരുന്നു. പ്രളയത്തിന്റെ നാളുകളിൽ രക്ഷാപ്രവർത്തനത്തിന്റെ ചുമതല നിർവഹിച്ച് മുൻപന്തിയിൽ തന്നെ അവരുണ്ടായിരുന്നു. കോവിഡ് കാലത്ത് 16 പേരാണ് രോഗബാധിതരായി മരണപ്പെട്ടത് എന്ന കാര്യം നാം വിസ്മരിക്കരുത്.

നിങ്ങളുടെ പരിപാടി

അക്രമങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്യുകയും അക്രമികളെ പിന്തുണക്കുകയും ചെയ്യുന്ന നേതൃത്വം സംഘടനയിൽ നിൽക്കുമ്പോൾ ഇത്തരം സ്ഥിതിഗതികൾ ഉണ്ടായിരിക്കുമെന്ന് കാണാതിരിക്കുന്നില്ല. ധീരജ് കൊലപാതകത്തെ മനസാക്ഷിയുള്ളവരെല്ലാം അപലപിച്ചപ്പോഴും അതിനെ ന്യായീകരിക്കാൻ തയ്യാറായ നിങ്ങളുടെ നേതാവിന്റെ മനോഭാവം കേരളത്തിന് മറക്കാനാവുമോ? അക്രമികളെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് സംരക്ഷണം നൽകുമെന്ന പരസ്യമായ ആഹ്വാനവും നൽകിക്കൊണ്ട് ഇത്തരം കൊലപാതകങ്ങൾക്ക് എല്ലാവിധ പ്രോത്സാഹനവും പരസ്യമായി നൽകുകയാണ്.

സമൂഹത്തിൽ ഉണ്ടാകുന്ന എല്ലാ തിന്മകൾക്കെതിരെയും ശക്തമായ നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. 18.12.2021 മുതൽ 15.02.2022 വരെ ഓപ്പറേഷൻ കാവൽ പദ്ധതി പ്രകാരം 904 ഗുണ്ടകൾക്കെതിരെ കേസെടുത്ത് കഴിഞ്ഞിട്ടുണ്ട്. ഇതിനുപുറമെ 63 പേർക്കെതിരെ കാപ്പ നിയമപ്രകാരവും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം അക്രമങ്ങളിൽ പ്രതികളെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. നീതി നടപ്പിലാക്കുന്നതിന് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കേരള പോലീസ് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ പണ്ട് ഇതിൽ പണ്ടു തെറ്റായി ഇടപെട്ടവർക്ക് പോലീസിന്റെ ഈ പ്രവർത്തനത്തെ അംഗീകരിക്കാൻ വിഷമമുണ്ടാവും. അവരാണ് തുടർച്ചായി പോലീസിനെതിരെ രംഗത്തുവരുന്നത്.

പോലീസിനെ നിർവ്വീര്യമാക്കാനുള്ള ശ്രമങ്ങൾ

ഇത്രയും സ്തുത്യർഹമായി പ്രവർത്തിക്കുന്ന പോലീസിനെ നിർവീര്യമാക്കുക എന്ന ആവശ്യവുമായി നടക്കുന്ന ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്. അത് വർഗ്ഗീയ ശക്തികളും തീവ്രവാദികളും അരാജകവാദികളുമാണ്. അവരാണ് നിരന്തരമായി നിസാര സംഭവങ്ങളെ പോലും വലുതാക്കി കാണിച്ച് പോലീസിനെ ആക്ഷേപിക്കാനും നിർവ്വീര്യമാക്കാനും ശ്രമിക്കുന്നത്. ഇല്ലാത്ത സംഭവങ്ങൾ ഉണ്ടാക്കി പോലീസ് വർഗ്ഗീയമായി ഇടപെടുന്നുവെന്ന് പ്രചരിപ്പിച്ച സംഭവം നാം കണ്ടതാണ്. ഇത്തരം ശക്തികളുടെ വക്താക്കളായി നിങ്ങൾ മാറാൻ ഇടയാവരുത്. ഇവരെ തുറന്നുകാട്ടി മുന്നോട്ടുപോകാൻ നമുക്കാവണം.

എന്താണ് ആരോപണങ്ങൾ

കേസ് അന്വേഷിച്ച് പ്രതികളെ കണ്ടുപിടിച്ചില്ലായെന്ന വിമർശനം ഇപ്പോൾ കേൾക്കാനില്ല. അഴിമതിയുടെ ഭാഗമായി കേസുകൾ അട്ടിമറിച്ചുവെന്ന വിമർശനവും ഇല്ലാതായിരിക്കുന്നു. ഇപ്പോഴുള്ള പരാതികൾ ചില പെരുമാറ്റങ്ങൾ സംബന്ധിച്ച് മാത്രമുള്ളതാണ്. അത് പോലീസിന്റെ പൊതുവായ മുഖമല്ല. സർക്കാരിന്റെ പൊതുവായ നയങ്ങളിൽനിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ മറ്റു പല വകുപ്പിലും സ്വീകരിക്കുന്നതുപോലുള്ള നടപടികൾ പോലീസിലും സ്വീകരിച്ചിട്ടുണ്ട്. തെറ്റായ സമീപനങ്ങളെ ഒരിക്കലും സർക്കാർ ഒരു വകുപ്പിലും അംഗീകരിച്ച് പോയിട്ടില്ല. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് കൂടുതൽ ജനസൗഹാർദ്ദപരമായ രീതിയിലേക്ക് പോലീസ് മാറിക്കൊണ്ടിരിക്കുന്നത്.

പോലിസിനെ ശക്തിപ്പെടുത്താനുള്ള നടപടികൾ

ഇന്ത്യയിലെ എറ്റവും ആധുനികവൽക്കരിക്കപ്പെട്ട പോലീസ് സംവിധാനം എന്ന രീതിയിലേക്ക് കേരളം മാറിക്കൊണ്ടിരിക്കുകയാണ്. സൈബർഡോം പോലുള്ള സംവിധാനങ്ങൾ വാരിക്കൂട്ടിയ ദേശീയവും അന്തർദേശീയവുമായ അംഗീകാരങ്ങൾ ഇന്നലെ പറഞ്ഞതാണ്.

പുതിയ സാഹചര്യത്തിൽ രണ്ട് വിഭാഗങ്ങൾ കൂടി പോലീസിനകത്ത് ആരഭിക്കുന്നുണ്ട്. സൈബർക്രൈം കൂടിവരുന്ന സാഹചര്യം കണക്കിലെടുത്ത് പ്രത്യേക സൈബർ കുറ്റാന്വേഷണ വിഭാഗം പോലീസിൽ ആരംഭിക്കാൻ പോകുന്നുണ്ട്. ഇപ്പോൾ പുതുതായി ഉയർന്നുവരുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിന് എക്‌ണോമിക് ക്രൈം വിംഗും ആരംഭിക്കുന്നുണ്ട്. ഇങ്ങനെ പോലീസിനെ ആധുനികവൽക്കരിച്ച് ജനസൗഹാർദ്ദപരമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ ആവിഷ്‌ക്കരിക്കുന്നത്. കൂടുതൽ മെച്ചപ്പെട്ട ക്രമസമാധാനപാലനമുള്ള സംസ്ഥാനമായി നമ്മുടെ നാട് ഉയരാനാണ് പോകുന്നത്.

സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊലപാതകങ്ങൾക്കും അക്രമസംഭവങ്ങൾക്കും എതിരെ പോലീസ് കർശന നിയമനടപടികളാണ് സ്വീകരിച്ച് വരുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 21.02.2022 വരെ സംസ്ഥാനത്ത് 6 രാഷ്ട്രീയ കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ ഉൾപ്പെട്ടിട്ടുള്ളതായി തിരിച്ചറിഞ്ഞ 92 പ്രതികളിൽ 73 പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

18.05.2011 മുതൽ 24.05.2016 വരെയുള്ള UDF സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 35 രാഷ്ട്രീയ കൊലപാതക കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ LDF സർക്കാരിന്റെ കാലത്ത് (25.05.2016 മുതൽ 19.05.2021 വരെ) സംസ്ഥാനത്ത് ആകെ 26 രാഷ്ട്രീയ കൊലപാതക കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കണ്ണൂർ സിറ്റി ന്യൂമാഹി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പുന്നോൽ താഴെ വയൽ എന്ന സ്ഥലത്ത് വച്ച് 21.02.2022 ന് പുലർച്ചെ 1.20 മണിയോടെ CPIM പ്രവർത്തകനായ ഹരിദാസനെ വീടിന് സമീപം വച്ച് BJP പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് IPC 302, 34 എന്നീ വകുപ്പുകൾ പ്രകാരം ന്യൂമാഹി പോലീസ് ക്രൈം. 183/2022 ആയി കേസ് രജിസ്റ്റർ ചെയ്തു. കേസിന്റെ അന്വേഷണത്തിനായി കണ്ണൂർ സിറ്റി അഡീഷണൽ SPയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയാണ്. നാലുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
13.02.2022 ൽ എടക്കാട് തോട്ടടയിലുളള ഷമിലിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന എച്ചൂർ നിവാസികളായ ഒരു കൂട്ടം ചെറുപ്പക്കാരും പ്രദേശവാസികളും തമ്മിൽ വിവാഹ തലേദിവസം ചില തർക്കങ്ങൾ ഉണ്ടായി. തുടർന്ന് പിറ്റേ ദിവസം ഒരു വിഭാഗം ബോംബ് എറിയുന്ന സ്ഥിതിയുമാണ് ഉണ്ടായത്. അതിന്റെ ഫലമായി ജിഷ്ണു എന്നയാൾ കൊല്ലപ്പെടുകയുമുണ്ടായി. ഈ സംഭവത്തിൽ എടക്കാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. 6 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

കിഴക്കമ്പലത്ത് 12.02.2022 ൽ ട്വന്റി ട്വന്റി പ്രവർത്തകനായ ദീപു എന്നയാളുമായി വാക്കുതർക്കമുണ്ടായി, ദേഹോപദ്രവം ഏൽപ്പിച്ചുവെന്ന പരാതിയുമുണ്ടായി. തുടർന്ന് 14.02.2022 ന് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. 18.02.2022 ന് ആശുപത്രിയിൽ വച്ച് മരണപ്പെടുകയുമാണ് ചെയ്തത്. ഈ സംഭവത്തിൽ പ്രതികളെ 16.02.2022-ൽ അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.

മരണപ്പെട്ടതിനെ തുടർന്ന് കേസിൽ IPC 302 വകുപ്പ് കൂട്ടിച്ചേർത്ത് പെരുമ്പാവൂർ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് അന്വേഷണം നടത്തിവരുന്നു.
കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ വിമലഗിരി സ്വദേശിയായ ഷാൻബാബുവിനെ 16.01.2022 ൽ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി മൃതദേഹം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിസരത്ത് കൊണ്ടിട്ട സംഭവം ഉണ്ടായിട്ടുണ്ട്.

സംഭവത്തിന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തിൽ ഒന്നാം പ്രതിയായ ജോമോനെതിരെ കാപ്പാ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, കാപ്പാ അഡൈ്വസറി ബോർഡ് മുമ്പാകെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അവരുടെ ഉത്തരവ് പ്രകാരം ജില്ലയിലേക്ക് പ്രവേശിക്കാനുള്ള അനുമതി ലഭിച്ചത്. ഇതിലെ രണ്ടാം പ്രതിക്കെതിരെയും ഇത്തരം നിലപാട് പോലീസ് സ്വീകരിച്ചിരുന്നുവെങ്കിലും കാപ്പാ അഡൈ്വസറി ബോർഡ് റദ്ദു ചെയ്ത സാഹചര്യമുണ്ടായിട്ടുണ്ട്.

11.12.2021 ന് പോത്തൻകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് സുധീഷ് എന്നയാളെ വെട്ടി കൊലപ്പെടുത്തിയതിന് പോത്തൻകോട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് കേസിലുൾപ്പെട്ട 11 പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമ നടപടി സീകരിച്ചിട്ടുണ്ട്.

കേസുകളുടെ താരതമ്യം

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലയളവിൽ 1,677 കൊലപാതക കേസുകളാണ് ഉണ്ടായത്. എന്നാൽ 25.05.2016 മുതൽ 19.05.2021 വരെയുളള കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലയളവിൽ 1516 കൊലപാതക കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിട്ടുളളത്.

2016 മുതൽ 2021 വരെ സ്ത്രീകൾക്കെതിരെയുളള ആക്രമങ്ങളുമായി ബന്ധപ്പെട്ട് 86390 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. കേസുകളിലുൾപ്പെട്ട പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

സ്ത്രീസുരക്ഷ

സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. സംസ്ഥാനത്ത് അതുമായി ബന്ധപ്പെട്ട് ആരംഭിച്ച പിങ്ക് പട്രോൾ സംവിധാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പോലീസിനെ സഹായിക്കാനായി നിർഭയ വോളന്റിയർമാരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതാ ഹെൽപ്പ് ഡെസ്‌ക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന 1091 എന്ന വനിതാ ഹെൽപ്പ് ലൈൻ നമ്പരും പ്രവർത്തിച്ച് വരുന്നു.

ഗുണ്ടാ അക്രമണങ്ങളെ പ്രതിരോധിക്കാനുള്ള നടപടി

ഗുണ്ടാ ആക്രമണങ്ങൾ, കൊലപാതകങ്ങൾ തുടങ്ങിയ സംഘടിത കുറ്റകൃത്യങ്ങൾ ഉന്മൂലനം ചെയ്യുന്നതിനായി ആവശ്യമായ നിർദ്ദേശങ്ങൾ സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ ഓരോ ജില്ലയിലും പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതതു ജില്ലകളിലെ സ്ഥിരം കുറ്റവാളികളെയും അവരുടെ പണമിടപാടുകളെയും മറ്റു പ്രവർത്തനങ്ങളെയും നീരീക്ഷിച്ചുവരുന്നു.

എസ്.എച്ച്.ഒ.മാരുടെ നേതൃത്വത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ സ്റ്റേഷൻ പരിധിയിലെ ഗുണ്ടകളുടെ പ്രവർത്തനം പ്രത്യേകം നിരീക്ഷിച്ചു വരുന്നു. ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും അമർച്ച ചെയ്യുന്നതിന് ഓപ്പറേഷൻ കാവൽ എന്ന പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചിട്ടുണ്ട്.

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും ആവശ്യമാണെന്ന് കാണുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് KAAPA വകുപ്പുകൾ പ്രകാരമുള്ള നടപടികളും സ്വീകരിച്ചുവരുന്നു.

ജില്ലാ പോലീസ് മേധാവിമാർ കുറ്റവാളികളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ച് പോലീസ് സ്റ്റേഷൻ തലത്തിൽ ഹിസ്റ്ററി ഷീറ്റുകൾ തയ്യാറാക്കി സൂക്ഷിക്കുന്നുണ്ട്.

18.12.2021 മുതൽ 15.02.2022 വരെ ഓപ്പറേഷൻ കാവൽ പദ്ധതി പ്രകാരം 904 പേർക്കെതിരെ ക്രിമിനൽ നടപടിക്രമപ്രകാരവും 63 പേർക്കെതിരെ KAAPA നിയമപ്രകാരവും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ വിവിധ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ട 1457 പേരെ ഈ കാലയളവിൽ അറസ്റ്റ് ചെയ്ത് നിയമനടപടിയ്ക്ക് വിധേയരാക്കിയിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.