ഹരിദാസ്‌ വധക്കേസ്: ബിജെപി നേതാവ്‌ കുടുങ്ങിയത്‌ വാട്‌സ്‌ ആപ്പ്‌ കോളിൽ

0
62

സിപിഐ എം പ്രവർത്തകൻ ഹരിദാസ്‌ വധക്കേസിൽ ബിജെപി തലശേരിമണ്ഡലം പ്രസിഡന്റും നഗരസഭ കൗൺസിലറുമായ കെ ലിജേഷ്‌ കുടുങ്ങിയത്‌ വാട്‌സ്‌ആപ്പ്‌ കോളിൽ. അറസ്‌റ്റിലായ ആർഎസ്‌എസ്‌ ശാഖ മുഖ്യശിക്ഷക്ക്‌ പുന്നോലിലെ കെ വി വിമിനും ഖണ്ഡ്‌ പ്രമുഖ്‌ പുന്നോലിലെ അമൽ മനോഹരനും ചോദ്യംചെയ്യലിൽ നേതാവിന്റെ പങ്കാളിത്തം സമ്മതിച്ചു.

കൊലപാതക ഗൂഢാലോചന നടത്തിയതും മുഖ്യ ആസൂത്രകനുമാണ്‌ പിടിയിലായ ബിജെപി മണ്ഡലം പ്രസിഡന്റ്‌. ഇവരടക്കം നാല്‌പേരെയാണ്‌ ന്യൂമാഹി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. തിങ്കളാഴ്‌ച പുലർച്ചെ ഒരുമണിയോടെ ബന്ധുവായ മണിയെയാണ്‌ ലിജേഷ്‌ ആദ്യംവിളിച്ചത്‌. ഗോപാലപ്പേട്ടയിലെ മത്സ്യതൊഴിലാളി സുനേഷ്‌ എന്ന മണിയെ വിളിക്കേണ്ടതാണ്‌ മാറിപ്പോയത്‌. ഉടൻ ഫോൺ കട്ട്‌ ചെയ്‌തു. 1.10ന്‌ സുനേഷ്‌ വിളിച്ച്‌ ഹരിദാസൻ പുറപ്പെട്ട വിവരം അറിയിച്ചു. കാത്തുനിന്ന കൊലയാളി സംഘം പിന്തുടർന്നു. എല്ലാറ്റിനും നേതൃത്വം നൽകി ലിജേഷും. ഹരിദാസിനൊപ്പം കടലിൽ മിൻപിടിക്കാൻപോയ ആളാണ്‌ ബിജെപി പ്രവർത്തകനായ സുനേഷ്‌. ഇയാളാണ്‌ ഒറ്റിയത്‌ എന്നാണ്‌ വിവരം.

വാട്‌സ്‌ആപ്പ്‌ കോൾ ഉപയോഗിച്ചാൽ പിടിക്കാനാവില്ലെന്ന നേതാവിന്റെ അതിബുദ്ധിയാണ്‌ പൊലീസ്‌ സൈബർ വിഭാഗം സമർഥമായി പൊളിച്ചത്‌. ആർഎസ്‌എസിന്‌ ബന്ധമില്ലെന്ന്‌ നേതൃത്വം ആവർത്തിക്കുമ്പോഴാണ്‌ ആർഎസ്‌എസ്‌ – ബിജെപി നേതാക്കളെ പൊലീസ്‌ തെളിവുകളോടെ പിടിച്ചത്‌. കൊലയാളി സംഘത്തിലുണ്ടായിരുന്നവരെക്കുറിച്ചുള്ള സൂചനയും പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. അറസ്‌റ്റിലായ നാല്‌ പ്രതികളെയും ഉച്ചക്ക്‌ ശേഷം തലശേരി ഒന്നാം ക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ ഹാജരാക്കും.