സിപിഐ എം പ്രവർത്തകൻ ഹരിദാസ്‌ വധം; ബിജെപി മണ്ഡലം പ്രസിഡന്റടക്കം നാല്‌ ആർഎസ്‌എസുകാർ അറസ്‌റ്റിൽ

0
193

പുന്നോൽ താഴെവയലിലെ സിപിഐ എം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല്‌ ആർഎസ്‌എസ്‌ പ്രവർത്തകർ അറസ്‌റ്റിൽ. ബിജെപി മണ്ഡലം പ്രസിഡന്റ്‌ ലിജേഷ്‌, വിമിൻ, അമൽ മനോഹരൻ, സുമേഷ്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഗൂഢാലോചന കുറ്റം ചുമത്തിയാണ്‌ അറസ്‌റ്റ്‌. ഇന്നലെ ഇവരടക്കം ഏഴുപേരെ കസ്‌റ്റഡിയിൽ എടുത്തിരുന്നു.

മീൻപിടിത്തത്തൊഴിലാളിയായ ഹരിദാസൻ ജോലികഴിഞ്ഞ്‌ തിങ്കൾ പുലർച്ചെ ഒന്നരയോടെ വീട്ടിലെത്തി ഭാര്യയുടെ കൈയിൽ മീൻ നൽകി മുറ്റത്ത്‌ കൈകഴുകുന്നതിനിടെ‌യായിരുന്നു ആക്രമണം. വീടിന്‌ സമീപം ബൈക്കുകളിലെത്തി പതിയിരുന്ന സംഘം ചാടിവീണ്‌ വടിവാളും മഴുവും കൊണ്ട്‌ തലങ്ങും വിലങ്ങും വെട്ടി.

എട്ടാം തീയതി ക്ഷേത്രത്തില്‍ നടന്ന ഉത്സവവുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു. ഈ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരാണ് കസ്റ്റഡിയില്‍ ആയതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോ സൂചിപ്പിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.