അഭയ കേസില്‍ പ്രതിയെ രക്ഷിക്കാന്‍ ലോകായുക്ത സിറിയക് ജോസഫ് ഇടപെട്ടു: കെ ടി ജലീല്‍

0
83

ലോകായുക്തയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ ടി ജലീല്‍. അഭയ കേസില്‍ സിറിയക് ജോസഫ് ഇടപെട്ടതായി ജലീല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.പ്രതിയെ രക്ഷിക്കാന്‍ സിറിയക് ജോസഫ് ഇടപെട്ടു. പ്രതികളുടെ നാര്‍ക്കോ പരിശോധനാ ലാബില്‍ സിറിയക് ജോസഫ് സന്ദര്‍ശിച്ചുവെന്നും ജലീൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ഇരിക്കുന്ന സ്ഥാനത്തോട് എന്തെങ്കിലും തരത്തിലുള്ള ബഹുമാനം ഉണ്ടെങ്കില്‍ തല്‍സ്ഥാനം രാജിവെയ്ക്കുകയാണ് സിറിയക് ജോസഫ് ചെയ്യേണ്ടത്. അതല്ല എങ്കില്‍, അദ്ദേഹത്തിനെതിരായി മൊഴി കൊടുത്ത നാര്‍ക്കോ പരിശോധനാ ലാബിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എസ് മാലിനിക്കും സിബിഐ ഡിവെഎസ്പി നന്ദകുമാര്‍ നായര്‍, ജോമോന് പുത്തന്‍പുരയ്ക്കല്‍, കെ ടി ജലീല്‍ എന്നിവര്‍ക്കെല്ലാം എതിരായി നടപടി സ്വീകരിക്കണം. രണ്ടിലൊരു കാര്യം അദ്ദേഹം ചെയ്യണം.

വളരെ ഗുരുതരമായ വിഷയമാണ് അഭയ കേസിന്റെ വിധിക്ക് ശേഷം പുറത്ത് വരുന്നത്. 91-ാം സാക്ഷിയായ ഡോ.മാലിനിയെ സിബിഐ കോടതി വിസ്‌തരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഫാദര്‍ കോട്ടൂര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയില്‍ നിന്നും വിധി സമ്പാദിച്ചത് അന്ന തന്നെ വലിയ വാര്‍ത്തയായി.

സിറിയക് ജോസഫ് ഇക്കാര്യത്തില്‍ 13 വര്‍ഷമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല.അദ്ദേഹം മൗനം വെടിയണം. അഭയ കേസിലെ ഒന്നാം പ്രതിക്ക് താനുമായി കുടുംബ ബന്ധമുണ്ടോ എന്ന് വ്യക്തമാക്കണം.

പ്രതികളെ രക്ഷിക്കാന്‍ നാര്‍ക്കോ അനാലിസിസ് ലാബ് അദ്ദേഹം സന്ദര്‍ശിച്ചാ എന്ന ജനത്തോട് തുറന്നുപറയണം. ഒന്നുകില്‍ രാജിവെക്കുക, അല്ലെങ്കില്‍ ആക്ഷേപം ഉയര്‍ത്തിയവര്‍ക്കെതിരായി നടപടി സ്വീകരിക്കുക. രണ്ടിലൊന്ന് അദ്ദേഹം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും ജലീല്‍ വ്യക്തമാക്കി.