വധഗൂഢാലോചന കേസ്; ദിലീപിന്റെ സഹോദരന്‍ അനൂപിനേയും കാര്‍ണിവല്‍ ഗ്രൂപ്പ് ഉടമ ശ്രീകാന്ത് ഭാസിയേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

0
103

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി.

ദിലീപിന്റെ സഹോദരീ ഭര്‍ത്താവായ സുരാജിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കൂടാതെ, കേസുമായി ബന്ധപ്പെട്ട് കാര്‍ണിവല്‍ ഗ്രൂപ്പ് ഉടമ ശ്രീകാന്ത് ഭാസിയും ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരായി. ശ്രീകാന്ത് ഭാസിക്ക് ദിലീപുമായി സാമ്ബത്തിക ഇടപാടുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.

ഇരുവരും ഹോട്ടലില്‍വച്ച്‌ പല തവണ സംസാരിച്ചിരുന്നതായും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ സംരഭമായ ദേ പുട്ടില്‍ ശ്രീകാന്ത് ഭാസിക്ക് നിക്ഷേപമുണ്ടായിരുന്നു. കൂടാതെ, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത് കാര്‍ണിവല്‍ ഗ്രൂപ്പിന്റെ അങ്കമാലിക്കടുത്തുള്ള ഗസ്റ്റ് ഹൗസില്‍ നിന്നായിരുന്നു.

വധഗൂഢാലോചന കേസില്‍ ഇതു രണ്ടാം തവണയാണ് അനൂപിനെ അന്വേഷണം സംഘം ചോദ്യം ചെയ്യുന്നത്. ദിലീപില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലത്തെ അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യല്‍. കൂടുതല്‍ അന്വേഷണത്തിനു ശേഷം ദിലീപിനെയും ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം.