കേരളത്തെ ആക്ഷേപിച്ച യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കേരളത്തിലെ നേട്ടങ്ങൾ യുപിയിലെ നേതാക്കൾ അംഗീകരിച്ചതാണ്. രാഷ്ട്രീയ പരാമർശത്തിന് ആ നിലയിൽ മറുപടി പറയേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളെക്കുറിച്ച് താരതമ്യം ചെയ്യാനില്ല. കേരളത്തിൻ്റെ ഉയർച്ച സമാനതകൾ ഇല്ലാത്തതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സുസ്ഥിര വികസന സൂചികകളിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി കേരളത്തിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞത്. കെ ഫോൺ ഒന്നാം ഘട്ടം പ്രവർത്തന സജ്ജമായി.സംസ്ഥാന പൊലീസ് മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ അംഗീകാരം പൊലീസ് സേനയ്ക്ക് ലഭിച്ചു. വിവിധ പൊലീസ് സ്‌റ്റേഷനുകൾ ഐ എസ് ഒ അംഗീകാരവും നേടിയിട്ടുണ്ട്.
കലാപങ്ങൾ ഇല്ലാത്ത നാട് എന്ന ബഹുമതിയും കേരളത്തിന് സ്വന്തമാണ്. കേരളം ക്രമസമാധാന രംഗത്ത് രാജ്യത്ത് തന്നെ മികച്ചതാണ്.കണ്ണൂരിനെ കലാപഭൂമിയാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. സിൽവർ ലൈൻ കേരളത്തെ രണ്ടായി വിഭജിക്കുമെന്നത് പ്രതിപക്ഷ ഭാവന മാത്രമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പരിസ്ഥിതിയെ കൂടി പരിഗണിച്ചുള്ള നിർമ്മാണമായിരിക്കും കെ റെയിലിന്റേത്. പദ്ധതിക്ക് ആവശ്യമായ പ്രകൃതി വിഭവ സമാഹരണത്തിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.