സിപിഐ എം പ്രവര്‍ത്തകന്റെ കൊലപാതകം; ബി ജെ പി നേതാവിന്റെ കൊലവിളി പ്രസംഗം പുറത്ത്

0
84

തലശേരി ന്യൂമാഹിക്കടുത്ത് സിപിഐ എം പ്രവർത്തകൻ ഹരിദാസിനെ ബിജെപിക്കാർ വെട്ടിക്കൊന്നത് ഉന്നത ഗൂഢാലോചനയുടെ ഭാഗമാണെന്നു വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. സംഭവത്തില്‍ ബി ജെ പി നേതാവിന്റെ കൊലവിളി പ്രസംഗം പുറത്തുവന്നു.
തലശേരി കൊമ്മല്‍ വാര്‍ഡ് കൗണ്‍സിലര്‍ വിജേഷ് നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

‘പൂന്നോത്ത് ക്ഷേത്രത്തില്‍ വെച്ച് സിപിഐ എമ്മിന്റെ രണ്ടുപേര്‍ നേതൃത്വം നല്‍കികൊണ്ട് ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു. വിഷയത്തെ വളരെ വൈകാരികമായിട്ടാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിട്ടുള്ളത്. നമ്മുടെ പ്രവര്‍ത്തകരുടെ ശരീരത്തിന് മേല്‍ കൈ വെച്ചാല്‍ അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന ബോധ്യം നേതൃത്വത്തിനുണ്ട്. ഏത് രീതിയിലാണ് അത് കൈകാര്യം ചെയ്യേണ്ടതെന്ന് കഴിഞ്ഞ കാലങ്ങളിലെ ചരിത്രം പരിശോധിച്ചാല്‍ അറിയും.

ഇവിടെയുള്ള സി.പി.ഐ.എമ്മിന്റെ നേതാക്കള്‍ക്ക് അക്കാര്യം നന്നായിട്ട് അറിയാം,’ എന്നാണ് വിജേഷ് പരസ്യമായി പറഞ്ഞത്. തിങ്കളാഴ്ച പുലര്‍ച്ചയാണ് പുന്നോല്‍ സ്വദേശി ഹരിദാസനെ വെട്ടിക്കൊന്നത്. മത്സ്യത്തൊഴിലാളിയാണ് ഹരിദാസന്‍.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പുലര്‍ച്ചെയാണ് ഹരിദാസനെ ബൈക്കിലെത്തിയ നാലംഗ സംഘം വെട്ടിക്കൊന്നത്. ഹരിദാസന്റെ ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്. ഹരിദാസന്റെ കാല്‍ പൂര്‍ണമായും അറ്റുപോയ നിലയിലായിരുന്നു. വെട്ട് കൊണ്ട് ഗുരുതരവാസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വീടിനടുത്ത് വെച്ചാണ് വെട്ടേറ്റത്. ഹരിദാസന് നേരെയുള്ള അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന്‍ സുരനും വെട്ടേറ്റു.