ഹിജാബ് ധരിച്ചെത്തിയവരെ വോട്ട് ചെയ്യാന്‍ സമ്മതിക്കാതെ ബി ജെ പി; തമിഴ്‌നാട്ടില്‍ പോളിംഗ് തടസപ്പെട്ടു

0
166

ഹിജാബ് വിവാദം ശക്തമാകുന്നതിനിടെ തമിഴ്‌നാട്ടിലും ഹിജാബിന്റെ പേരിലുള്ള വിവാദങ്ങള്‍ ഉടലെടുക്കുന്നു. തമിഴ്‌നാട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം യുവതിയെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല എന്ന ബി ജെ പി പേളിംഗ് ഏജന്റിന്റെ നിലപാടിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുണ്ടായത്.

മധുരൈ ജില്ലയിലെ വേലൂരിലുള്ള പോളിംഗ് സ്‌റ്റേഷനിലായിരുന്നു സംഭവം. ഹിജാബ് ധരിച്ചെത്തിയ യുവതിയെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല എന്നായിരുന്നു ബി ജെ പി പോളിംഗ് ഏജന്റായ ഗിരിരാജന്റെ നിലപാട്.

അതേ സമയം ഡി എം കെയുടെയും തമിഴ്‌നാട്ടിലെ സഖ്യകക്ഷിയായ എ ഐ എ ഡി എം കെയുടെയും പോളിംഗ് ഏജന്റുമാര്‍ അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടപ്പോഴും ഗിരിരാജന്‍ എതിര്‍ക്കുകയായിരുന്നു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് 30 മിനിറ്റോളം പോളിംഗ് തടസപ്പെടുകയും ചെയ്തു. എന്തിനാണ് പോളിംഗ് ബൂത്തിനുള്ള ഇവര്‍ക്ക് ഹിജാബ് ധരിക്കേണ്ട ആവശ്യം എന്നാക്രോശിച്ചായിരുന്നു ഇയാള്‍ പോളിംഗ് തടസപ്പെടുത്തിയത്.

പോളിംഗ് തടസപ്പെട്ടതിനെ തുടര്‍ന്ന് പൊലീസെത്തി ഇയാളെ പോളിംഗ് ബൂത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഇയാള്‍ക്ക് പകരം ബി ജെ പിയുടെ മറ്റൊരു പോളിംഗ് ഏജന്റിനെ എത്തിച്ചാണ് തെരഞ്ഞെടുപ്പ് നടപടികള്‍ തുടര്‍ന്നത്.