വിഴിഞ്ഞത്ത് ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച ഏഴുപേർക്ക് ഭക്ഷ്യവിഷബാധ

0
120

ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച ഏഴുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവരിൽ നാലുപേരെ നെയ്യാറ്റിൻകര ആശുപത്രിയിലും മൂന്നുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നെയ്യാറ്റിൻകര, ആർ സി തെരുവ്, പുല്ലുവിളാകത്ത് വീട്ടിൽ അജിൻദേവ്(28), അമരവിള, തട്ടാരുകോണം, ആർ.സി. തെരുവ്, ശാലോം ഭവനത്തിൽ ബെൻസൺ(24), നെയ്യാറ്റിൻകര സ്വദേശികളായ ആഷിക് അലി(24), സച്ചിൻ(23) എന്നിവരാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സതേടിയത്.വിഴിഞ്ഞത്തെ ബിസ്മില്ല ഫാസ്റ്റ് ഫുഡിൽനിന്നാണ് ഏഴംഗസംഘം വ്യാഴാഴ്ച രാത്രി ഒൻപതരയ്ക്ക് ഭക്ഷണം കഴിച്ചത്.

ഭക്ഷണശേഷം മുന്തിരി ജ്യൂസും ഇവർ കഴിച്ചു. വീടുകളിൽ തിരികെയെത്തിയ ഇവർക്ക് വയറുവേദനയും ഛർദിയും പനിയും അനുഭവപ്പെട്ടു. ഇതിനെത്തുടർന്നാണ് ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സതേടിയത്.ഭക്ഷ്യവിഷബാധയേറ്റത് ഭക്ഷണത്തിൽനിന്നോ, ജ്യൂസിൽ നിന്നാണോയെന്ന് വ്യക്തമായിട്ടില്ല. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നുപേർ മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം വീടുകളിലേക്കു പോയി.