ആര്‍എസ്‌എസ് അനുകൂല എന്‍ജിഒയില്‍ സ്വപ്നയ്ക്ക് പുതിയ ജോലി

0
81

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ആര്‍എസ്‌എസ് അനുകൂല എന്‍ജിഒയില്‍ പുതിയ ജോലി. പാലക്കാട് ആസ്ഥാനമായ ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി എന്ന എന്‍ജിഒയിലാണ് സ്വപ്ന സുരേഷ് ജോലിയില്‍ പ്രവേശിച്ചത്.

ഈ മാസം 12-നാണ് സ്വപ്നയ്ക്ക് നിയമനം നല്‍കികൊണ്ടുള്ള ഓഫര്‍ ലെറ്റര്‍ അയച്ചത്. ഓഫര്‍ സ്വപ്ന സ്വീകരിച്ചിട്ടുമുണ്ട്. നിലവില്‍ എന്ന് ജോലിയില്‍ പ്രവേശിക്കുമെന്ന് വ്യക്തമല്ല. വ്യക്തിപരമായും ആരോഗ്യപരവുമായുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഓഫീസില്‍ എത്തുന്നതിന് സാവകാശം തേടിയിട്ടുണ്ട്.

കേരളം തമിഴ്‌നാട്‌, കര്‍ണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ-ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആണ് ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി. ബിജെപി നേതാവായ ഡോ. എസ് കൃഷ്ണകുമാര്‍ ആണ് ഇതിന്റെ പ്രസിഡന്റ്. ആര്‍എസ്‌എസ്- ബിജെപി നേതാക്കളാണ് എന്‍ജിഒയുടെ പ്രധാന പദവികളിലിരിക്കുന്നത്.

അട്ടപ്പാടി ഉള്‍പ്പെടെ ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചാണ് എച്ച്‌ആര്‍ഡിഎസ് പ്രവര്‍ത്തിക്കുന്നത്. ആദിവാസികളുടെ ഭൂമി പാട്ടകൃഷിയുടെ പേരില്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചും അനുമതി വാങ്ങാതെ വീട് വെച്ച്‌ നല്‍കിയും വിവാദത്തിലായിരുന്നു. ഈ എന്‍ജിഒ കൊവിഡ് കാലത്ത് ആദിവാസികളുള്‍പ്പെടെയുള്ളവര്‍ക്ക് പ്രതിരോധമരുന്ന് വിതരണം ചെയ്തത് അനധികൃതമായാണെന്ന് കണ്ടെത്തിയിരുന്നു.