സംസ്ഥാന സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ദൃശ്യചാരുത പകര്‍ന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്‌ളിക്ക് റിലേഷന്‍സ് വകുപ്പിന്റെ ഡിജിറ്റല്‍ ഫോട്ടോ പ്രദര്‍ശനം. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തുടങ്ങി കഴിഞ്ഞ ഏഴു മാസത്തിനിടയില്‍ ജില്ലയില്‍ മുന്നേറിയ വികസന പദ്ധതികളുടെ നേര്‍ക്കാഴ്ച്ചയാണ് സിവില്‍ സ്റ്റേഷന്‍ ലോബിയിലെ പ്രദര്‍ശനത്തിലുള്ളത്.
കളമശ്ശേരിയില്‍ രണ്ടാംഘട്ട വികസനം പൂര്‍ത്തീകരിച്ച ടെക്‌നോളജി ഇന്നവേഷന്‍ സോണ്‍, കോവിഡ് പ്രതിരോധത്തിലെ മികവുറ്റ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമ്പല മുകളിലെ ബിപിസിഎല്ലിനു സമീപം സജ്ജമാക്കിയ കോവിഡ് ആശുപത്രി എന്നിവയുടെ ചിത്രങ്ങള്‍ ശ്രദ്ധേയം.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ചിത്രവും പ്രദര്‍ശനത്തിലുണ്ട്. ലൈഫ് മിഷനു കീഴില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആലങ്ങാട് പഞ്ചായത്തില്‍ നീറിക്കോട് ആശാരിപ്പറമ്പില്‍ ശ്യാമളയുടെ വീടിന്റെ പാലു കാച്ചല്‍ ചടങ്ങില്‍ മന്ത്രി പി. രാജീവ് തവി പിടിക്കുന്നതാണ് മറ്റൊന്ന്.
ജില്ലയുടെ നീറുന്ന പ്രശ്‌നങ്ങളിലൊന്നായ കടലേറ്റത്തില്‍ ടെട്രാപോഡ് പരിഹാരത്തിന് വഴി തെളിയുന്നതും പ്രദര്‍ശനത്തില്‍ കാണാം. രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷത്തിലേക്ക് അടുക്കുമ്പോള്‍ സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കൈവരിച്ച പ്രധാന വികസന നേട്ടങ്ങളെ വരച്ചുകാണിക്കുന്നതാണ് ഫോട്ടോ പ്രദര്‍ശനം.
ഇതോടൊപ്പം നേട്ടങ്ങളിലൂടെ യശസുയര്‍ത്തിയ വ്യക്തിത്വങ്ങളായ പി.വി.ശ്രീജേഷിന്റെയും പ്രൊഫ.എം.ലീലാവതി ടീച്ചറിന്റെയും സന്തോഷം പകര്‍ന്നു നല്‍കുന്ന ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. അടിസ്ഥാന വികസനം, ഡിജിറ്റല്‍ കേരളം, വിദ്യാഭ്യാസം, ടൂറിസം, കോവിഡ് പ്രതിരോധം, വ്യവസായം തുടങ്ങി വിവിധ മേഖലകളിലെ വികസന മുന്നേറ്റങ്ങളും കാഴ്ചക്ക് നിറം പകരുന്നു. ചിത്ര പ്രദര്‍ശനം 25 വരെ തുടരും.