തിരുവനന്തപുരത്ത് പോലീസിന് നേരെ ആക്രമണം; സിഐക്ക് മർദ്ദനമേറ്റു

0
54

സംസ്‌ഥാന തലസ്‌ഥാനത്തെ ശിങ്കാരത്തോപ്പ് കോളനിയിൽ പോലീസിന് നേരെ ആക്രമണം. തിരുവനന്തപുരം ഫോർട്ട് സിഐ ജെ രാകേഷിനാണ് മർദ്ദനമേറ്റത്. മദ്യ ലഹരിയിൽ ബഹളമുണ്ടാക്കിയവരെ പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെയാണ് സംഭവം. തലക്ക് അടിയേറ്റ സിഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ അർധരാത്രിയോടെ ആണ് സംഭവം നടന്നത്. ശിങ്കാരത്തോപ്പ് കോളനിൽ പതിവായി മദ്യപ സംഘം എത്താറുണ്ട്. ഇവിടെ ചെറിയ സംഘർഷം ഉണ്ടെന്നറിഞ്ഞാണ് ഫോർട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് എത്തിയത്. മദ്യപസംഘത്തെ പിന്തിരിപ്പിക്കുന്നതിനിടെ സിഐ ജെ രാകേഷിന്റെ തലക്കും കഴുത്തിനുമാണ് അടിയേറ്റത്. ചികിൽസക്ക് ശേഷം സിഐ രാവിലെയോടെ ആശുപത്രി വിട്ടുവെന്നാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. അവരുടെ അറസ്‌റ്റ് വൈകാതെ രേഖപ്പെടുത്തും. മുൻപും ശിങ്കാരത്തോപ്പ് കേന്ദ്രീകരിച്ച് അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ അതീവ ഗൗരവത്തോടെയാണ് പോലീസ് വിഷയത്തെ നോക്കിക്കാണുന്നത്.