അഹമ്മദാബാദ് സ്‌ഫോടന പരമ്പര; 38 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് പ്രത്യേക കോടതി

0
42

2008ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിലെ 38 പ്രതികള്‍ക്ക് അഹമ്മദാബാദ് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. 49 പ്രതികളില്‍ 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ മരിച്ചവര്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും പ്രത്യേക ജഡ്ജി എ.ആര്‍ പട്ടേല്‍ വിധിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 25,000 രൂപയും നഷ്ടപരിഹാരം നല്‍കണം.

ശിക്ഷിക്കപ്പെട്ട 49 കുറ്റവാളികളില്‍ ഓരോരുത്തരുടെയും ശിക്ഷകള്‍ ഒരേസമയം നടപ്പാക്കും. കൂടാതെ, 48 പ്രതികളില്‍ നിന്ന് 2.85 ലക്ഷം രൂപ വീതം പിഴ ഈടാക്കാനും കോടതി വിധിച്ചിട്ടുണ്ട്. 2009 ഡിസംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ആകെ 77 പ്രതികളുണ്ടായിരുന്ന കേസില്‍ 2021 സെപ്റ്റംബറില്‍ വിചാരണ പൂര്‍ത്തിയാക്കിയിരുന്നു.വര്‍ഷങ്ങളോളം നീണ്ട വിചാരണക്കിടെ 1100 സാക്ഷികളെയാണ് വിസ്തരിച്ചത്. കേസില്‍ 28 പേരെ കോടതി വെറുതെ വിട്ടിരുന്നു.

2008 ജൂലയിലാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധയിടങ്ങളില്‍ ബോംബ് സ്‌ഫോടനമുണ്ടായത്. 70 മിനിടുകള്‍ക്കിടെ നഗരത്തിലെ 21 ഇടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ 56 പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹീദ്ദീനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 2002ലെ ഗോധ്ര കലാപത്തിന്റെ പ്രതികാരമായാണ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് 85 പേരെയാണ് ഗുജറാത്ത് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ 78 പ്രതികള്‍ക്കെതിരെയാണ് വിചാരണ ആരംഭിച്ചത്.

ഇതിനിടെ ഒരു പ്രതി മാപ്പുസാക്ഷിയാവുകയും ചെയ്തിരുന്നു. കൊലപാതകം, ക്രമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമേ യു.എ.പി.എ നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു. വിചാരണ നടക്കുന്നതിനിടെ 2013ല്‍ പ്രതികളില്‍ ചിലര്‍ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. തുരങ്കം നിര്‍മിച്ചാണ് പ്രതികള്‍ അന്ന് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയത്.