യൂത്ത് കോൺഗ്രസ് നേതാവ് തന്റെ മോര്‍ഫ് ചെയ്‌ത അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചെന്ന് പരാതി നൽകിയ വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കയ്‌പമംഗലം മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ശോഭ സുബിൻ തന്റെ മോര്‍ഫ് ചെയ്‌ത അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ശോഭ സുബിനെ കൂടാതെ നാട്ടിക നിയോജകമണ്ഡലം പ്രസിഡണ്ട് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍ എന്നിവർക്ക് എതിരെയും യുവതി പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്‌ഥാനത്തിൽ മൂവർക്കും എതിരെ മതിലകം പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു.
ഇതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് യുവതി കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് നേരിട്ടുകൊണ്ടിരുന്നത്. വനിതാ നേതാവിനെ മോശക്കാരിയാക്കി ചിത്രീകരിച്ച് കൊണ്ടാണ് സൈബര്‍ ലോകത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രചരണം. യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന ഭീഷണിയും ഇവര്‍ ഉയര്‍ത്തിയിരുന്നു. ഇതിന് വേണ്ടി സൃഷ്ടിച്ച ടെലഗ്രാം ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ടകള്‍ അടങ്ങിയ തെളിവുകളും പുറത്തുവന്നിട്ടുണ്ട്.