വിചാരണ തീരുന്നത് വരെ മാദ്ധ്യമ വാർത്തകൾ വിലക്കണം; ദിലീപിന്റെ ഹരജി 24ന്

0
59

നടിയെ ആക്രമിച്ച കേസിൽ മാദ്ധ്യമ വാർത്തകൾ വിലക്കണമെന്ന ആവശ്യവുമായി ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി 24ആം തീയതി പരിഗണിക്കും. മാദ്ധ്യമ വിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കുകയാണെന്നാണ് ദിലീപ് ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാൽ ഹരജി നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷൻ വ്യക്‌തമാക്കുന്നത്‌.

വിചാരണ കോടതിയിലെ നടപടികൾ പൂർത്തിയാക്കുന്നത് വരെ വാർത്തകൾ തടയണം. രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാദ്ധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഹരജി നേരത്തെ പരിഗണിച്ച സാഹചര്യത്തിൽ നടിയെ ആക്രമിച്ച കേസിന്റെ രഹസ്യവിചാരണ എന്ന ഉത്തരവ് മാദ്ധ്യമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്താൻ കോടതി ഡിജിപിക്ക് നിർദ്ദേശം നൽകിയിരുന്നു.

രഹസ്യ വിചാരണയെന്ന നിർദ്ദേശം ലംഘിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ 5 കേസുകൾ എടുത്തിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതേസമയം നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന ആവശ്യവുമായി ദിലീപ് സമർപ്പിച്ച ഹരജിയെ എതിർത്ത് കേസിൽ നടി കക്ഷി ചേരും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോഴാണ് നടി ഇക്കാര്യം വ്യക്‌തമാക്കിയത്‌. എന്നാൽ കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനായാണ് ഇപ്പോൾ തുടരന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നാണ് ദിലീപ് ആരോപിക്കുന്നത്.