രാജ്യത്ത് അന്താരാഷ്‌ട്ര വിമാന ഗതാഗതം ഉടൻ സാധാരണ നിലയിലേക്ക് വരുമെന്ന് റിപ്പോർട്ടുകൾ പുറത്ത്. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ പുറത്തുവന്നിട്ടില്ല. എങ്കിലും മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യ വാരത്തോടെയോ അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള കടുത്ത നിയന്ത്രണങ്ങളും, അന്താരാഷ്‌ട്ര യാത്രയ്‌ക്കുള്ള വിലക്കും പിൻവലിക്കുമെന്നാണ് സൂചനകൾ.
കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ 2020 മാർച്ച് 23 മുതലാണ് അന്താരാഷ്‌ട്ര വിമാനങ്ങൾക്ക് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് 2020 ജൂലൈ മുതൽ 40 രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ കരാറിൽ ഏർപ്പെട്ടിരുന്നു. ഇതോടെ സ്‌പെഷ്യൽ ഫ്‌ളൈറ്റുകൾ ഈ രാജ്യങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നു.
അന്താരാഷ്‌ട്ര വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയെങ്കിലും ഇത് വ്യോമമാർഗമുള്ള അന്താരാഷ്‌ട്ര ചരക്ക് നീക്കത്തിന് തടസമായിരുന്നില്ല. പ്രത്യേക അനുമതിയോടെ ചരക്ക് ഗതാഗതം സർവീസ് തുടരുന്നുണ്ടായിരുന്നു.