പീഡന പരാതി; ശ്രീകാന്ത് വെട്ടിയാർ പോലീസിൽ കീഴടങ്ങി

0
55

യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തതിനെ തുടർന്ന് ഒളിവിലായിരുന്ന ശ്രീകാന്ത് വെട്ടിയാർ പോലീസിൽ കീഴടങ്ങി. അഭിഭാഷകനൊപ്പം ഇന്ന് രാവിലെ എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ എത്തിയാണ് വെട്ടിയാർ കീഴടങ്ങിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ഇയാൾ ഹാജരായിരിക്കുന്നത്.

കേസിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി ശ്രീകാന്ത് വെട്ടിയാർക്ക് ജാമ്യം അനുവദിച്ചിരുന്നു. അതിനാൽ ഇന്ന് പ്രതിയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തുകയാണെങ്കിൽ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടും. ജനുവരി 24നാണ് ശ്രീകാന്ത് വെട്ടിയാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമാണെന്നും ജാമ്യാപേക്ഷയിൽ ശ്രീകാന്ത് ആരോപിച്ചിരുന്നു. പരാതിക്കാരി തന്റെ സുഹൃത്തായിരുന്നു എന്നും ഗൂഢ ലക്ഷ്യത്തോടെയാണ് തന്നോട് സൗഹൃദം സ്‌ഥാപിച്ചതെന്നും ശ്രീകാന്ത് വെട്ടിയാർ വാദിക്കുന്നു.

കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് ശ്രീകാന്ത് വെട്ടിയാർക്കെതിരെ കേസെടുത്തത്. പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. വിവാഹ വാഗ്‌ദാനം നൽകി കൊച്ചിയിലെ 2 ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ്‌ഐആർ റിപ്പോർട്. ആലുവയിലെ ഫ്‌ളാറ്റിൽ എത്തിച്ച് പീഡിപ്പിച്ചതായും എഫ്‌ഐആർ റിപ്പോർട്ടിൽ പറയുന്നു. സമൂഹ മാദ്ധ്യമങ്ങൾ വഴിയാണ് യുവതി മീ ടു ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. പിന്നീടാണ് പോലീസിൽ പരാതി നൽകിയത്.

യൂട്യൂബ് വ്ളോ​ഗിങ്ങിലൂടെയും ട്രോൾ വീഡിയോകളിലൂടെയും പ്രശസ്‌തനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ‘വിമൻ എ​ഗെയിൻസ്‌റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ്’ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ലൈംഗിക ആരോപണം ഉയർന്നത്. ശ്രീകാന്ത് വെട്ടിയാർ പ്രണയം നടിച്ച് പല ആവശ്യങ്ങൾക്കായി ഉപയോഗിച്ചവരിൽ ഒരാൾ എന്നു പറഞ്ഞ് നീണ്ട കുറിപ്പാണ് പങ്കുവെച്ചിരുന്നത്.

വീട്ടിലെ പ്രാരാബ്‌ധങ്ങൾ പറഞ്ഞും അമ്മയ്‌ക്ക് മാനസിക വൈകല്യം ആണെന്ന് പറഞ്ഞുമൊക്കെയാണ് ശ്രീകാന്ത് വെട്ടിയാർ സഹതാപം നേടാൻ തുടങ്ങിയതെന്ന് കുറിപ്പിൽ പറയുന്നു. സാമ്പത്തിക ചൂഷണത്തിനു പുറമെ മാനസിക, വൈകാരിക ഉപദ്രവങ്ങൾ നേരിട്ടെന്നും കുറിപ്പിൽ യുവതി ആരോപിച്ചിരുന്നു.