Monday
12 January 2026
21.8 C
Kerala
HomeIndia6 വയസുകാരിയെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി; അയൽവാസിയായ ആൺകുട്ടി അറസ്‌റ്റിൽ

6 വയസുകാരിയെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി; അയൽവാസിയായ ആൺകുട്ടി അറസ്‌റ്റിൽ

ഹൈലകണ്ടി ജില്ലയിൽ അയൽവാസിയായ 6 വയസുകാരിയെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ 15കാരൻ അറസ്‌റ്റിൽ. കുറ്റകൃത്യത്തെ കുറിച്ച് അറിഞ്ഞിട്ടും അത് മറച്ച് വെച്ചതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും ആൺകുട്ടിയുടെ പിതാവിനെയും അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ടെന്ന് ഹൈലകണ്ടി എസ്‌പി ഗൗരവ് ഉപാധ്യായ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

ഹൈലകണ്ടി ജില്ലയിലെ കാത്‌ലിച്ചേര മണ്ഡലത്തിലെ സുൽത്താനിച്ചേര മേഖലയിലാണ് സംഭവം. ഫെബ്രുവരി 9 മുതൽ പെൺകുട്ടിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഫെബ്രുവരി 12ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്‌തു. പോലീസ് പറയുന്നതനുസരിച്ച്, ഫെബ്രുവരി 9ന് പ്രദേശത്തെ മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് പെൺകുട്ടിയെ കാണാതായത്.

അടുത്ത ദിവസം മൃതദേഹം അടുത്തുള്ള വനമേഖലയിൽ നിന്ന് കണ്ടെടുത്തു. മരിക്കുന്നതിന് മുൻപ് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടായിരുന്നു എന്നും പോലീസ് പറഞ്ഞു. മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി ഹൈലക്കണ്ടി സിവിൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതിന് ശേഷം അസം ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ ഡോ. സുനിത ചക്രവർത്തിയുടെ നിർദ്ദേശ പ്രകാരം ഗുവാഹത്തിയിൽ നിന്നുള്ള ഒരു സംഘം ഹൈലകണ്ടിയിലെത്തി അന്വേഷണത്തിലും ചോദ്യം ചെയ്യലിലും പങ്കെടുത്തു.

മരിച്ച പെൺകുട്ടിയോടൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടികളെയും അവരുടെ വീട്ടുകാരെയും പോലീസും പ്രത്യേക അന്വേഷണ സംഘവും ചോദ്യം ചെയ്‌തിരുന്നു. ഇതിനിടെ പ്രതിയായ ആൺകുട്ടിയുടെ വീട്ടുകാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്‌തു. തുടർന്നാണ് സത്യം വെളിപ്പെടുന്നത്. അന്വേഷണം തുടങ്ങി 24 മണിക്കൂറിനകം പ്രതിയെ പിടികൂടാൻ പോലീസിനായി.

ഗുരുതരമായ നിരവധി കുറ്റങ്ങൾ ചുമത്തി കുട്ടിയെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെങ്കിലും പ്രായപൂർത്തി ആകാത്തതിനാൽ ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് പ്രകാരമായിരിക്കും നടപടി. പ്രതിയുടെ പിതാവിനെതിരെയും നടപടിയുണ്ടാകും. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിൽ ആൺകുട്ടിയെ മറ്റാരെങ്കിലും സഹായിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നു. പെൺകുട്ടിയുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്തുവന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് എസ്‌പി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments