ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്‌തതിന് എറണാകുളം ഹൗറ എക്‌സ്‌പ്രസിലെ ടിക്കറ്റ് എക്‌സാമിനറെ അതിഥി തൊഴിലാളികൾ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തതായി റെയില്‍വേ പോലീസ് അറിയിച്ചു.
പെരുമ്പാവൂർ സ്വദേശി ബെസിക്കാണ് ഇന്നലെ അര്‍ധ രാത്രിയോടെ മർദ്ദനമേറ്റത്. ട്രെയിന്‍ ആലുവ സ്‌റ്റേഷന്‍ പിന്നിട്ടപ്പോള്‍ ജാര്‍ഖണ്ഡ് സ്വദേശികളായ രണ്ട് പേരോട് ടിടിഇ ആയ ബെസി ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ ഇവരുടെ കൈയ്യിൽ ടിക്കറ്റ് ഉണ്ടായിരുന്നില്ല. ഇതിന്റെ പേരില്‍ ഉണ്ടായ തര്‍ക്കം പിന്നീട് മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു.
10ലധികം പേർ അക്രമി സംഘത്തിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. ബെസിയുടെ മൊബൈല്‍ ഫോണും ഇവര്‍ പിടിച്ചെടുത്തു. വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വെ പോലീസ് തൃശൂരില്‍ വെച്ചാണ് പ്രതികളെ കസ്‌റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്‌തതായി പോലീസ് അറിയിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ ബെസി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലാണ്.