ഉറങ്ങിക്കിടന്ന ഭർത്താവിനെ തീകൊളുത്തി; ഭാര്യ പിടിയിൽ

0
41

ഉറങ്ങിക്കിടന്ന ഭർത്താവിനെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ യുവതി അറസ്‌റ്റിൽ. വീടിന്റെ വരാന്തയിൽ ഉറങ്ങി കിടക്കുകയായിരുന്ന പുതൂ‍ർ ഓൾഡ് കോളനിയിലെ സുബ്രഹ്‌മണ്യനെയാണ് ഇയാളുടെ ഭാര്യ ശശികല തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സുബ്രഹ്‌മണ്യൻ ചികിൽസയിലാണ്.

ശനിയാഴ്‌ച രാത്രി 12. 30ഓടെയാണ് കൊലപാതക ശ്രമം നടന്നത്. അന്നേദിവസം സുബ്രഹ്‌മണ്യൻ മദ്യപിച്ചാണ് എത്തിയത്. തുടർന്ന് സുബ്രഹ്‌മണ്യൻ വീടിന് പുറത്തെ വരാന്തയിൽ കിടന്നു. ശശികല ഇളയ മകനുമൊത്ത് അകത്തെ മുറിയിലും കിടന്നു. മൂത്തമകൻ അടുത്തുള്ള ബന്ധുവീട്ടിലായിരുന്നു. ഉറങ്ങിക്കിടക്കുന്ന തന്റെ ദേഹത്ത് തീ പട‍രുന്നത് അറിഞ്ഞ് ഞെട്ടിയുണ‍ർന്ന സുബ്രഹ്‌മണ്യൻ നിലവിളിച്ചു.

ഓടിയെത്തിയ നാട്ടുകാരും ഭാര്യയും ചേ‍ർന്ന് തീയണച്ചു. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് തൃശൂ‍ർ മെഡിക്കൽ കോളേജിലേക്കും അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്കും മാറ്റി. ഇയാൾക്ക് 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ ആരോ തീക്കൊളുത്തിയതാണെന്ന സുബ്രഹ്‌മണ്യന്റെ മൊഴിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണത്തിന് ഒടുവിലാണ് ഇയാളുടെ ഭാര്യ ശശികല അറസ്‌റ്റിലായത്‌.

സ്‌ഥിരമായി മദ്യപിച്ചെത്തുന്ന സുബ്രഹ്‌മണ്യൻ തന്നെയും മക്കളെയും മ‍ർദ്ദിക്കാറുണ്ടായിരുന്നു എന്നും ഇതാണ് തീക്കൊളുത്താൻ കാരണമായതെന്നും ശശികല പറഞ്ഞു. മാത്രമല്ല, സുബ്രഹ്‌മണ്യന് മറ്റൊരു സ്‌ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ശശികല കുറ്റം സമ്മതിച്ചതോടെ ഇവരുടെ അറസ്‌റ്റ് പോലീസ് രേഖപ്പെടുത്തുകയായിരുന്നു.