കാലിത്തീറ്റ കുംഭകോണകേസില്‍ ലാലുവിന് വീണ്ടും തിരിച്ചടി; അഞ്ചാമത്തെ കേസിലും കുറ്റക്കാരന്‍

0
39

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലും ആര്‍ജെഡി നേതാവ്‌ ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍.റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയുടേതാണ് കണ്ടെത്തല്‍. ഈ മാസം 18ന് കോടതി ശിക്ഷ വിധിക്കും.ഡൊറാന്‍ഡ ട്രഷറിയില്‍നിന്നു 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് അഞ്ചാമത്തേതും അവസാനത്തേതുമായ കേസ്. ജഡ്ജി സി.കെ. ശശിയുടെ നിര്‍ദേശ പ്രകാരം ലാലുപ്രസാദ് യാദവ് ചൊവ്വാഴ്ച രാവിലെ കോടതി മുറിയില്‍ ഹാജരായിരുന്നു.

950 കോടിയുടെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റ് നാല് കേസുകളില്‍ അദ്ദേഹം ഇതിനോടകം തന്നെ ശിക്ഷിക്കപ്പെട്ടിരുന്നു. ചൈബാസ ട്രഷറി കേസില്‍ 37.7 കോടിയുടേയും 33.13 കോടിയുടേയും ദിയോഘര്‍ ട്രഷറിയില്‍ നിന്ന് 89.27 കോടിയുടേയും ദുംക ട്രഷറിയില്‍ നിന്ന് 3.76 കോടിയുടേയും അഴിമതി നടത്തിയെന്നാണ് ഇതിന് മുന്‍പത്തെ നാല് കേസുകള്‍. ആദ്യത്തെ നാലു കേസുകളില്‍ തടവു ശിക്ഷ വിധിക്കപ്പെട്ട ലാലുവിന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.

26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. തെളിവുകളുടെ അഭാവത്തില്‍ കേസില്‍ പ്രതികളായ 24 പേരെ കോടതി വെറുതെ വിട്ടു. ഇതില്‍ ആറ് സ്ത്രീകളും ഉള്‍പ്പെടും.കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് 53 കേസുകളാണ് സിബിഐ 1996 ല്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. വിധി പ്രസ്താവ സമയത്ത് ലാലു റാഞ്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായിരുന്നു.