ക്ലാസുകൾ മാർച്ച് അവസാനം വരെ; പൊതുപരീക്ഷ നടത്തും

0
78

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ വീണ്ടും തുറന്നതിന് പിന്നാലെ പഠന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സ്‌കൂളിൽ റെഗുലർ ക്ലാസുകൾ നടക്കുന്നതോടൊപ്പം ഡിജിറ്റൽ, ഓൺലൈൻ, ഫസ്‌റ്റ് ബെൽ ക്‌ളാസുകൾ തുടരാൻ തീരുമാനമായി. കോവിഡ് സാഹചര്യത്തിൽ കുട്ടികൾക്ക് പരീക്ഷാ സമ്മർദ്ദം കുറയ്‌ക്കാൻ മുൻ നിശ്‌ചയിച്ച പ്രകാരമുള്ള ഫോക്കസ് ഏരിയയും മാർക്ക് ക്രമവും തുടരും.

അക്കാദമിക് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും പാഠഭാഗങ്ങൾ പൂർത്തീകരിച്ച് വാർഷിക പരീക്ഷയ്‌ക്ക് കുട്ടികളെ സജ്‌ജമാക്കാനും അധ്യാപകരുടെ പൂർണ പിന്തുണ വിദ്യാഭ്യാസ മന്ത്രി അഭ്യർഥിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശനിയാഴ്‌ചകൾ കൂടി പ്രവർത്തന ദിനങ്ങളായി പ്രയോജനപ്പെടുത്തി അക്കാദമിക് പ്രവർത്തനം പൂർത്തിയാക്കാൻ ശ്രദ്ധിക്കുമെന്ന് എല്ലാ അധ്യാപക സംഘടനകളും ഉറപ്പു നൽകിയിട്ടുണ്ട്.

പാഠഭാഗങ്ങൾ പൂർത്തീകരിച്ച് പരീക്ഷയിലേക്ക് കുട്ടികൾ എത്തുന്ന സാഹചര്യത്തിൽ ഫോക്കസ് ഏരിയ നിർണയിച്ച് നൽകുന്നതിൽ തന്നെ പ്രസക്‌തിയില്ല. എന്നാൽ, കോവിഡ് കാലത്തിന്റെ പശ്‌ചാത്തലത്തിൽ കുട്ടികൾക്ക് പരീക്ഷാ സമ്മർദ്ദം കുറയ്‌ക്കാൻ മുൻ നിശ്‌ചയിച്ച പ്രകാരമുള്ള ഫോക്കസ് ഏരിയയും മാർക്ക് ക്രമവും തുടരും.

ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകൾ മാർച്ച് അവസാന വാരം വരെ തുടരും. ഈ ക്‌ളാസുകളുടെ പരീക്ഷ ഏപ്രിലിലാണ് നടക്കുക. ഫെബ്രുവരി 21 മുതൽ സ്‌കൂളുകളിൽ പൂർണ തോതിൽ കുട്ടികൾ എത്തുകയും, ക്ളാസുകൾ പത്തു മുതൽ നാലുവരെ നടക്കുകയും ചെയ്യും. ഇതിനായി സ്‌കൂളുകൾ സജ്‌ജമാക്കാൻ ജില്ലാ തല അവലോകനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും കളക്‌ടറും ചേർന്ന് നടത്തും. കുട്ടികൾക്ക് സ്‌കൂളിലെത്താൻ സ്‌കൂൾ വാഹനങ്ങൾ, കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ എന്നിവ യോഗം ചർച്ച ചെയ്‌ത്‌ തീരുമാനിക്കും.