തൃശൂർ-പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെതുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. പാളം തെറ്റിയ ചരക്ക് ട്രെയിനിന്റെ എഞ്ചിനും ബോഗികളും മാറ്റിയതിന് ശേഷം പുതിയ പാളം ഘടിപ്പിച്ചു.
ട്രയൽ റൺ നടത്തിയ ശേഷമാണ് ഇരുവരി ഗതാഗതം ആരംഭിച്ചത്. മലബാർ എക്സ്പ്രാണ് ആദ്യം കടത്തിവിട്ടത്. ആദ്യത്തെ കുറച്ചു ട്രയിനുകൾക്കും വേഗ നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. പുതിയ പാളത്തിന്റെ ബലപരിശോധന പൂർത്തിയാക്കി ശേഷമാണ് ട്രെയിൻ കടത്തിവിട്ടത്.
ഇന്നലെ ഉച്ചയോടെയാണ് തൃശ്ശൂർ പുതുക്കാട് വെച്ച് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയത്. പുതുക്കാട് തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടം ഉണ്ടായത്. ഇരുമ്പനത്തേക്ക് പോകുന്ന ചരക്ക് തീവണ്ടിയാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ അപകടത്തിൽപ്പെട്ടത്.
അറ്റകുറ്റ പണി നടക്കുന്ന സ്ഥലമായതിനാൽ വേഗത കുറച്ചാണ് ട്രെയിൻ കടന്ന് പോയിരുന്നത്. ബോഗികളിൽ ചരക്കുണ്ടായിരുന്നില്ലെന്നതിനാൽ അപകട വ്യാപ്തി കുറഞ്ഞു. എന്നാൽ ട്രെയിൻ പാളം തെറ്റിയതോടെ ഈ റൂട്ടിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഒമ്പത് ട്രെയിനുകൾ റദ്ദാക്കേണ്ടിവന്നു. ആറെണ്ണം ഭാഗികമായും റദ്ദാക്കി.