നവകേരളം കർമപദ്ധതി രണ്ട്‌: സദ്‌ഭരണം മുഖ്യഅജൻഡ; തദ്ദേശസ്ഥാപനത്തിന്‌‌ ഒറ്റ പദ്ധതി

0
50

സദ്‌ഭരണത്തിനുള്ള ജനകീയ പ്രസ്ഥാനം ശക്തമാക്കാനുള്ള പരിപാടിക്ക്‌ നവകേരളം കർമപദ്ധതി രണ്ട്‌ നേതൃത്വം നൽകും. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാകും ഇത്‌. പ്രാദേശികാടിസ്ഥാനത്തിൽ പദ്ധതി ഏകോപിപ്പിക്കും. അടുത്ത മൂന്നുവർഷത്തെ പ്രവർത്തന ലക്ഷ്യങ്ങൾക്കായി തദ്ദേശസ്ഥാപനങ്ങളെ മുൻനിർത്തി ജനങ്ങളെ അണിനിരത്തും. വകുപ്പുകളുടെയും ഏജൻസികളുടെയും ഏകോപനവും, കേന്ദ്ര–- സംസ്ഥാന സർക്കാർ പദ്ധതികളുടെ സംയോജനവും സാധ്യമാക്കും.

ലൈഫ്‌, ആർദ്രം, ഹരിതകേരളം മിഷൻ ഇതേ പേരിലും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ‘വിദ്യാകിരണം’ എന്നപേരിലും നവകേരളം കർമപദ്ധതി രണ്ടിന്റെ ഭാഗമായി തുടരുമെന്ന്‌ മന്ത്രിസഭാ യോഗം അംഗീകരിച്ച മാർഗരേഖയിലുണ്ട്‌. കേരള പുനർനിർമാണ പദ്ധതി കൂട്ടിച്ചേർത്തു. ഒരു തദ്ദേശ സ്ഥാപന പ്രദേശത്തിന്‌‌ ഒറ്റ പദ്ധതി ഉറപ്പാക്കുമെന്ന്‌ കർമപദ്ധതി കോ–- ഓർഡിനേറ്റർ ടി എൻ സീമ പറഞ്ഞു.

ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന ആവശ്യങ്ങളും ജീവനോപാധിയും, കൃഷി വ്യാപനം, ജലസംരക്ഷണം, മാലിന്യസംസ്‌കരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയ്‌ക്കുള്ള മുൻഗണന തുടരും. കാലാവസ്ഥാ വ്യതിയാനം, പകർച്ചവ്യാധി വ്യാപനം, ആരോഗ്യപ്രശ്‌നം എന്നിവയ്‌ക്ക്‌ കാരണമാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങൾ പരിഹരിക്കും.

മാലിന്യസംസ്‌കരണം, ജലസംരക്ഷണം, കൃഷി, പരിസ്ഥിതി സംരക്ഷണം, പൊതുആസ്‌തികളുടെയും, ആശുപത്രികളുടെയും ആരോഗ്യസേവനങ്ങളുടെയും പരിപാലനം എന്നിവയിൽ ഉത്തരവാദിത്ത സമീപനത്തിലൂടെ നേട്ടങ്ങൾ സുസ്ഥിരമാക്കണമെന്ന്‌ മാർഗരേഖ നിർദേശിച്ചു. പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിർത്താൻ ജനകീയ പദ്ധതികളുണ്ടാകും. സംസ്ഥാനത്തെ ദുരന്താഘാതശേഷിയുള്ളതാക്കും. പരിസ്ഥിതി സൗഹൃദ നിർമിതി, ഹരിതോർജ വിനിയോഗം, ഇ– -വാഹന നയം, ഹരിത ടൂറിസം തുടങ്ങിയവ പിന്തുടരും.

പച്ചത്തുതുരുത്ത്‌‌, ഇനി ഞാൻ ഒഴുകട്ടെ, ജലബജറ്റ്‌, ജലഗുണ പരിശോധന, ഗ്രീൻ ക്യാമ്പസ്‌, ഹരിതനിയമ സാക്ഷരത എന്നിവ തുടരും. സോഷ്യൽ ഓഡിറ്റ്‌, സാമൂഹ്യ വിലയിരുത്തൽ, പരാതി പരിഹാര സംവിധാനം എന്നിവയിലൂടെ ജനാഭിലാഷത്തിന്‌ അനുസൃതമായ വികസനം സാധ്യമാക്കും. വികസനത്തിലും വിഭവ സമാഹരണത്തിനും സന്നദ്ധ സംഘടനകൾ, പ്രവാസികൾ, സർക്കാരിത സംഘടനകൾ തുടങ്ങിയവയെയും പങ്കാളികളാക്കിയുള്ള വികസന സംസ്‌കാരം വളർത്തും. നേട്ടങ്ങളുടെ വിവരസഞ്ചയം സൃഷ്ടിക്കും. ഇത്‌ വരുംകാല വികസന പ്രവർത്തനങ്ങൾക്ക്‌ ദിശാസൂചകമാകും.