ദത്തെടുത്തവരുടെ മരണവും കിടപ്പാടം പോകുമെന്ന ചിന്തയും അലട്ടിയ ഗ്രേയ്‌സിന് ഇനി ആശ്വസിക്കാം. സ്‌നേഹത്തിന്റെ തണലൊരുക്കി മന്ത്രി വീണാ ജോർജ് എത്തി. ബാങ്ക് ജപ്തി നടപടി ഒഴിവാക്കാൻ സഹകരണ മന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും വിദ്യാഭ്യാസച്ചെലവ് വനിതാ ശിശുക്ഷേമ വകുപ്പുമായി ആലോചിച്ച് ഏറ്റെടുക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
ചൂരക്കോട് പെനിയേൽവില്ലയിൽ ജോർജ് സാമുവലും ഭാര്യ റൂബി ജോർജും ഗ്രെയ്സിനെ ഏഴുമാസം പ്രവയമുള്ളപ്പോൾ ദത്തെടുത്ത് വളർത്തിയതാണ്. കാൻസർ ബാധിതയായി രണ്ടുവർഷം മുമ്പ് റൂബി ജോർജും അസുഖബാധിതനായി നാല് ദിവസം മുമ്പ് ജോർജ് സാമുവേലും മരിച്ചു. ഇതോടെ പതിനഞ്ചുകാരിയായ ഗ്രെയ്സ് ഒറ്റപ്പെട്ടു. ആകെയുള്ള എട്ട് സെന്റ് സ്ഥലവും ഒറ്റമുറി വീടും ഈടുവച്ച് റൂബിയുടെ ചികിത്സയ്ക്കായി കേരളാ ബാങ്ക് അടൂർ ശാഖയിൽനിന്നും രണ്ട് ലക്ഷം രൂപ വായ്‌പയെടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാനായില്ല.
കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിലാണ് അച്ഛന്റെ മരണം. ചൂരക്കോട് എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ഗ്രെയ്സ്. വെള്ളി രാവിലെ 8.30ഓടെ വീട്ടിലെത്തിയ മന്ത്രി വീണാ ജോർജ് വിവരങ്ങൾ ചോദിച്ചറിഞ്ഞ് നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും ഒപ്പമുണ്ടായി.