ഉത്തർപ്രദേശ് മുൻമന്ത്രിയുടെ വീടിന് സമീപത്ത് ദളിത് പെൺകുട്ടിയുടെ മൃതദേഹം; ഒന്നാം പ്രതി മകൻ

0
62

ഉത്തർപ്രദേശിലെ ഉന്നാവോയിൽ നിന്നും രണ്ട് മാസങ്ങൾക്ക് മുൻപേ കാണാതായ ദളിത് പെൺകുട്ടിയുടെ മൃതദേഹം മുൻ സമാജ്‌വാദി പാർട്ടി എം.എൽ.എയും മന്ത്രിയുമായിരുന്ന ഫത്തേഹ് ബഹാദൂർ സിംഗിന്റെ വീടിന് സമീപത്ത് നിന്നും കണ്ടെത്തി. അഴുകിയ നിലയിലാണ് മൃതദേഹം കാണെപ്പെട്ടത്. ഫത്തേഹ് സിംഗിന്റെ മകനായ രാജോൾ സിംഗാണ് പെൺകുട്ടിയെ കാണാതായ കേസിലെ മുഖ്യപ്രതി.

കഴിഞ്ഞ ഡിസംബർ 8ന് 22കാരിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അവരുടെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. മുൻ മന്ത്രി ഫത്തേഹ് സിംഗിന്റെ മകനായ രാജോൾ സിംഗ് മകളെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു അവരുടെ പരാതി.

എന്നാൽ പൊലീസ് കൃത്യമായി കേസ് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ച് ജനുവരി 24ന് പെൺകുട്ടിയുടെ അമ്മ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ വാഹനത്തിന് മുന്നിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

അതേസമയം, പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ‘ഞങ്ങൾ റിമാൻഡിൽ കഴിയുന്ന രാജോൾ സിംഗിനെ ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണ് പ്രത്യേക സംഘം പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയുടെ വീടിന് സമീപത്തുള്ള ആശ്രമത്തിൽ സംസ്‌കരിച്ച നിലയിലായിരുന്നു മൃതദേഹം,’ ഉന്നാവോ അഡീഷണൽ പൊലീസ് സൂപ്രണ്ട് ശശി ശേഖർ സിംഗ് പറഞ്ഞു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, കൂടുതൽ പേർ അറസ്റ്റിലാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.