തലശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു; പ്രദേശവാസികൾ ആശങ്കയിൽ, ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

0
120

തലശേരി ടെമ്പിൾഗേറ്റിന് സമീപം തലശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു. ശനിയാഴ്ച രാവിലെയാണ് ടാങ്കർ മറിഞ്ഞത്. കണ്ണൂർ ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ടാങ്കറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അമിത വേഗത്തിൽ വളവ് തിരിക്കാൻ ശ്രമിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. സമീപത്തെ ബസ് സ്റ്റോപ്പ് തകർന്നു ബസ് സ്റ്റോപ്പിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തമൊഴിവായി.

ടാങ്കർലോറി മറിഞ്ഞ വിവരമറിഞ്ഞതോടെ പ്രദേശവാസികൾ ആകെ പരിഭ്രാന്തിയിലായി. വാതക ചോർച്ച ഇല്ലെന്നും സ്ഥലത്ത് ജാഗ്രത പുലർത്തുകയാണെന്നും പൊലീസ് അറിയിച്ചു. വിവരമറിഞ്ഞയുടൻ ഫയർഫോഴ്‌സ് സ്ഥലത്തെത്തി വാതകം പടരാതിരിക്കാനുള്ള നടപടിയെടുത്തു. ടാങ്കർ ലോറി മറിഞ്ഞു എന്നതിനാൽ ഫയർഫോഴ്സും പോലീസും മേഖലയിൽ കനത്ത ജാഗ്രത പുലർത്തുകയാണ്.

 

അപകടത്തെതുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പിന്നീട് ഉന്നത പൊലീസ്-ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കണ്ണൂരിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ മറ്റു വഴികളിലൂടെ തിരിച്ചുവിട്ടു. വാതക ചോർച്ചയില്ലെന്നും മംഗലാപുരത്ത് നിന്നും വിദഗ്ദർ എത്തിയശേഷം ടാങ്കർ നീക്കുമെന്നും അധികൃതർ അറിയിച്ചു.