വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തി വീശിയ എസ്ഡിപിഐക്കാരൻ അറസ്റ്റില്‍, ഗുണ്ടാപട്ടികയില്‍ ഉള്‍പ്പെടുത്തി

0
108

മലപ്പുറം മേല്‍മുറി പ്രിയദര്‍ശിനി കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തിവിശീയ എസ്ഡിപിഐക്കാരനായ നടുത്തൊടി ജുനൈദുള്ളയെ (29) മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഗുണ്ടാപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കുട്ടികള്‍ പരാതി നല്‍കാന്‍ തയ്യാറാവാതിരുന്നതിനാല്‍ സ്വമേധയാ ആണ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് മലപ്പുറത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ജുനൈദുള്ള കത്തി വീശിയത്. മേല്‍മുറി പ്രിയദര്‍ശിനി കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെയാണ് സംഭവം. ജുനൈദ് കത്തിയെടുത്ത് ആക്രമിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കോളേജിലെ മൂന്നാം വര്‍ഷ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. മേല്‍മുറി അങ്ങാടിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വീണ്ടും ഉന്തും തള്ളും ഉണ്ടായി.

ഇതിനിടെയാണ് ജുനൈദ് അറയിൽ തിരുകിയ കത്തിയെടുത്ത് കുത്താൻ ശ്രമിച്ചത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇടപെടാനെത്തിയതായിരുന്നു കോളേജിനു പുറത്തു നിന്നുള്ള ജുനൈദ്. അരയില്‍ നിന്ന് കത്തിയെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ജുനൈദ് പാഞ്ഞടുക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. കുത്തി കുടലമാല പുറത്തെടുക്കുമെന്ന് ഇയാൾ ആക്രോശിക്കുന്നതും കേൾക്കാമായിരുന്നു.