കോഴിക്കോട് നരിക്കുനിയിൽ വൻ ലഹരിമരുന്ന് വേട്ട; യുവാവ് അറസ്‌റ്റിൽ

0
65

കോഴിക്കോട് ജില്ലയിലെ നരിക്കുനിയിൽ വൻ ലഹരിമരുന്ന് വേട്ട. നരിക്കുനി പൂനൂർ റോഡിൽ വെച്ചാണ് കാറിൽ കടത്തുകയായിരുന്നു ലഹരിമരുന്ന് ശേഖരം പിടികൂടിയത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ചേളന്നൂർ കണ്ണങ്കര കിഴക്കേ നെരോത്ത് കിരണിനെയാണ് (26) പോലീസ് പിടികൂടിയത്. കിരണിനൊപ്പം കാറിൽ ഉണ്ടായിരുന്ന സുഹൃത്ത് ഓടിരക്ഷപ്പെട്ടു.

അഭിഭാഷകരുടെ ചിഹ്‌നം പതിച്ച കാറിലാണ് യുവാവ് ലഹരിമരുന്നുകൾ കടത്തിയത്. 1100 മില്ലിഗ്രാം എംഡിഎംഎ, 170 മില്ലിഗ്രാം എൽഎസ്‌ഡി, ഹാഷിഷ് ഓയിൽ എന്നിവയാണ് കാറിൽ നിന്ന് പോലീസ് കണ്ടെടുത്തത്. പ്രദേശത്ത് ലഹരി ഉപയോഗവും വിൽപനയും വ്യാപകമായതിനെ തുടർന്ന് പോലീസ് പരിശോധന ശക്‌തമാക്കിയിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിച്ച് പ്രവർത്തനവും നടത്തുന്നുണ്ട്.

റൂറൽ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊടുവള്ളി സ്‌റ്റേഷനിലെയും നർകോട്ടിക് സെല്ലിലെയും പോലീസ് ഉദ്യോഗസ്‌ഥർ സംയുക്‌തമായാണ് പരിശോധന നടത്തിയത്. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഓടിരക്ഷപെട്ട യുവാവിനായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.