രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ വിജിലന്‍സ് സംഘം പിടികൂടി. കണ്ണൂര്‍ ഇരിട്ടി സ്വദേശിയും പെരിന്തല്‍മണ്ണ കാര്‍ഗില്‍ നഗറില്‍ താമസക്കാരനുമായ ഡോ. ടി രാജേഷിനെയാണ് വിജിലന്‍സ് പിടികൂടിയത്. ഡിവൈഎസ്പി ഫിറോസ് എം ഷഫീഖിന്റെ നേതൃത്വത്തില്‍ സിഐമാരായ ജ്യോതീന്ദ്രകുമാര്‍, ഗംഗാധരന്‍ എന്നിവര്‍ പിടികൂടിയത്. കാഴ്ചയില്ലാത്ത വയോധികക്ക് കാല്‍വിരലില്‍ ശസ്ത്രക്രിയ നടത്താന്‍ വേണ്ടിയാണ് കൈക്കൂലി വാങ്ങിയത്.
പെരിന്തല്‍മണ്ണ ആളിപ്പറമ്പിലെ തച്ചന്‍കുന്ന് വീട്ടില്‍ ഖദീജ(60)ക്കാണ് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത്. കാലിന്റെ ചെറുവിരല്‍ മുറിച്ചുമാറ്റേണ്ടി വന്നിരുന്നതിനാലാണ് ഡോക്ടറെ കണ്ടത്. ജനുവരി 10ന് ജില്ലാ ആശുപത്രിയില്‍ എത്തി അഡ്മിറ്റായി. തൊട്ടടുത്ത ശനിയാഴ്ചയായിരുന്നു ശസ്ത്രക്രിയ. എന്നാല്‍, വാര്‍ഡില്‍ ശസ്ത്രക്രിയ കാത്ത് കിടന്ന നാലു രോഗികള്‍ക്കും അന്നേദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും അകാരണമായി ഖദീജയെ ഒഴിവാക്കി.
വെള്ളിയാഴ്ച വൈകീട്ട് നാലോടെ ജില്ലാ ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ക്ലിനിക്കല്‍ എത്തി ഖദീജയുടെ മകന്‍ പണം നല്‍കിയപ്പോഴാണ് മലപ്പുറം വിജിലന്‍സ് സംഘം പിടികൂടിയത്. 28ന് ആശുപത്രിയില്‍നിന്ന് ഡോക്ടര്‍ ക്ഷുഭിതനായി ഇറക്കിവിട്ടപ്പോള്‍ ആന്‍റികറപ്ഷന്‍ വിഭാഗം നമ്പറിൽ വിളിച്ചു പരാതി പറഞ്ഞിരുന്നു. കൈക്കൂലിയായി 500 രൂപയുടെ രണ്ട് നോട്ടുകള്‍ നല്‍കിയ ഘട്ടത്തില്‍ വിജിലന്‍സ് സംഘമെത്തി പിടികൂടിയത്.