അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ശബ്ദപരിശോധനയ്ക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് നോട്ടീസ് പതിപ്പിച്ചു. നോട്ടീസുമായി ഉദ്യോഗസ്ഥര്‍ എത്തുന്പോള്‍ ദിലീപ് വീട്ടിലുണ്ടായിരുന്നില്ല. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ നോട്ടീസ് കൈപ്പറ്റാന്‍ തയാറായുമില്ല. തുടര്‍ന്നാണ് നോട്ടീസ് വീട്ടില്‍ പതിച്ചത്. കൂട്ടുപ്രതികള്ക്കുള്ള നോട്ടീസ് അവരുടെ വീടുകളില്‍ എത്തിച്ചു.
പ്രതികളുടെ ശബ്ദപരിശോധനയ്ക്ക് കോടതി അനുമതി നല്‍കിയിരുന്നു. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ശബ്ദപരിശോധന നടത്തുക. ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ശബ്ദപരിശോധനയെ എതിര്‍ത്തെങ്കിലും ഒടുവില്‍ തിങ്കളാഴ്ച ഒഴികെ ഏത് ദിവസവും ഹാജരാകാമെന്ന് കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ സംഘം ശബ്ദ പരിശോധനയ്ക്കായി ആദ്യം നോട്ടീസ് അയച്ചപ്പോൾ അന്ന് സ്ഥലത്ത് ഇല്ലായിരുന്നു എന്നാണ് പ്രതിഭാഗത്തിന്റെ വിശദീകരണം.