മത്സ്യത്തൊഴിലാളി തൂങ്ങിമരിച്ച സംഭവത്തില്‍ റവന്യൂവകുപ്പ് ഉന്നതതല അന്വേഷണം നടത്തും

0
65

കൊച്ചി മാല്യങ്കരയില്‍ മത്സ്യത്തൊഴിലാളിയായ ഗൃഹനാഥന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ റവന്യൂവകുപ്പ് ഉന്നതതല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. മാല്യങ്കര കോയിക്കല്‍ സജീവനാണ് (57) വ്യാഴം രാവിലെ മരിച്ചത്.

സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന സജീവന്‍ ഭൂമി തരംമാറ്റാന്‍ കഴിയാതിരുന്നതിന്റെ മാനസിക വിഷമത്തിലാണ് ആത്മഹത്യചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ റവന്യൂവകുപ്പിന്റെ നിയമങ്ങളിലും ചട്ടങ്ങളിലും നിലനില്‍ക്കുന്ന ഏതെങ്കിലും വിധത്തിലുള്ള അനാസ്ഥയുണ്ടായിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. ലാന്‍ഡ് റവന്യൂ ജോയിന്റ് കമീഷണര്‍ ജൊറോമിക് ജോര്‍ജ് നെ അന്വേഷണത്തിന് ചുമതലപെടുത്തി.

സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അടിയന്തരമായി അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.