സിറിയയില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രത്യേക സൈനിക നടപടിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ഇബ്‌റാഹീം അല്‍ ഹാഷിമി- അല്‍ ഖുറൈഷിയെ വധിച്ചതായി അമേരിക്ക. തുര്‍ക്കിയോട് അതിര്‍ത്തി പങ്കിടുന്ന വടക്കുപടിഞ്ഞാറന്‍ സിറിയയയില്‍ അമേരിക്കയുടെ പ്രത്യേക ഭീകരവിരുദ്ധ സംഘം വ്യാഴാഴ്ച പുലര്‍ച്ചെ നടത്തിയ സൈനിക നടപടിയിലാണ് ഐ എസ് നേതാവിനെ വധിച്ചതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ആക്രമണത്തില്‍ ആറ് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.
ഐ എസ് തലവന്‍ അബു ഇബ്രാഹിം അല്‍ ഹാഷിമിയെ സിറിയയിലെ വ്യോമാക്രമണത്തില്‍ യു എസ് സൈന്യം വധിച്ചതായി പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥിരീകരിച്ചു. വൈറ്റ് ഹൗസ് പുറത്തിറക്കിയ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യമുള്ളത്.
‘യു എസ് സൈനികര്‍ വിജയകരമായി നടത്തിയ ഭീകരവിരുദ്ധ നടപടിയിലൂടെ ഐ എസ് തലവന്‍ അബു ഇബ്രാഹിം അല്‍ ഹാഷിമിയെ യുദ്ധക്കളത്തില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. സായുധ സേനയുടെ ധീരതയ്ക്ക് നന്ദി’ എന്നാണ് ബൈഡന്‍ ട്വീറ്റ് ചെയ്തത്. ഇതില്‍ പങ്കെടുത്ത യു എസ് സൈനികരെല്ലാം സുരക്ഷിതരായി മടങ്ങിയെന്നും ബൈഡന്‍ അറിയിച്ചു.
അതേസമയം, അമേരിക്കയുടെ ആക്രമണത്തിൽ വധിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഐഎസ് നേതാവ് സ്വയം ജീവനൊടുക്കിയതാണെന്ന് അന്തർദേശീയ മാധ്യമനാഗിൽ റിപ്പോർട്ട് ചെയ്യുന്നത്. വ്യാഴഴ്ചയാണ് സിറിയയിലെ ഐഎസ് കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻസേന മിന്നലാക്രമണം നടത്തിയത്. താമസിച്ചിരുന്ന മൂന്ന് നില കെട്ടിടത്തിനകത്ത് ഖുറേഷി സ്‌ഫോടനം നടത്തിയാണ് കുടുംബത്തോടൊപ്പം ജീവനൊടുക്കിയത്.
സ്‌ഫോടനത്തിൽ ഖുറേഷിക്കൊപ്പം രണ്ട് ഭാര്യമാരും ഒരു കുട്ടിയും കൊല്ലപ്പെട്ടു. ഇരച്ചുകയറിയ അമേരിക്കൻ സൈനികരുടെ വെടിയേറ്റ് മറ്റൊരു ഐ എസ് ഭീകരനും അയാളുടെ ഭാര്യയും കൊല്ലപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശവാസികളടക്കം 13 പേർ കൊല്ലപ്പെട്ടെന്നാണ് വിവരം.
2019 മുതൽ സിറിയയിൽ ഐഎസിനെ നയിക്കുന്ന അബു ഇബ്രാഹിം അൽ ഹാഷെമി അൽ ഖുറേഷിയാണ് കൊല്ലപ്പെട്ടത്. മുൻ മേധാവി അബു ബാക്കർ അൽ ബാഗ്ദാദിയുടെ മരണശേഷമാണ് ഖുറേഷി നേതാവായത്.