സംസ്ഥാനത്ത് സ്‌കൂളുകള്‍ 14ന് തുറക്കും; കോളജുകള്‍ ഏഴ് മുതല്‍

0
113

ഒമിക്രോണിനെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകളും കോളജുകളും തുറക്കാന്‍ തീരുമാനം. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ ഈ മാസം 14ന് ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പത്ത്, 11, 12, ക്ലാസുകളും കോളജുകളും ഈ മാസം ഏഴിന് തുറക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ഒമിക്രോണ്‍ ഭീഷണി കുറഞ്ഞുവരുന്നതായി കൊവിഡ് യോഗം വിലയിരുത്തി.

കൊവിഡിന്റെ രൂക്ഷ അവസ്ഥ സംസ്ഥാനത്ത് കുറഞ്ഞുവരുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ചില ഇളവുകള്‍ പ്രഖ്യാപിക്കാനും യോഗം തീരുമാനിച്ചു. ലോക്ക്ഡൗണിന് സമാന നിയന്ത്രണമുള്ള ഞായറാഴ്ച ആരാധനക്ക് അനുമതി നൽകിയിട്ടുണ്ട്. ക്രിസ്ത്യന്‍ പള്ളികളില്‍ നടക്കുന്ന ഞായറാഴ്ച പ്രാര്‍ഥനകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാം. ആറ്റുകാല്‍ പൊങ്കാല വീടുകളുടെ പരിസരത്ത് നടത്താനും യോഗം അനുമതി നല്‍കി. എങ്കിലും മറ്റ് നിയന്ത്രണങ്ങള്‍ തുടരാനും തീരുമാനിച്ചു. നിലവില്‍ കൊല്ലം ജില്ല മാത്രമാണ് സി കാറ്റഗറിയിലുള്ളത്.