സ്വന്തമായി റിവോൾവറും റൈഫിളും പിന്നെ സ്വർണ ചെയിനും, കൂടാതെ രുദ്രാക്ഷമാലയും; 1.54 കോടിയുടെ സ്വത്തുണ്ടെന്ന് യോഗി ആദിത്യനാഥ്

0
97

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി യോഗി ആദിത്യനാഥിന് ഒരു റിവോൾവറും ഒരു റൈഫിളും സ്വന്തമായി ഉണ്ടെന്ന് സത്യവാങ്മൂലം. ഗോരഖ്പൂര്‍ അര്‍ബൻ നിയമസഭാ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രികക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവര സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. ഒരു ലക്ഷം രൂപ വരുന്ന റിവോള്‍വര്‍, 80,000 രൂപയുടെ ഒരു റൈഫിള്‍ എന്നിവ സ്വന്തമായുണ്ട്. ബാങ്ക് ബാലൻസും ഭൂസ്വത്തുക്കളും മറ്റു ആസ്തികളും ഉള്‍പ്പെടെ മൊത്തം 1,54,94,054 രൂപയുടെ ആസ്തിയുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ആറ് ബാങ്ക് അക്കൗണ്ടുകളിലുള്ള നിക്ഷേപവും കൈയ്യിലുള്ള പണവും ചേര്‍ത്താണ് ഈ തുക. കൂടാതെ 12,000 രൂപ വരുന്ന സാംസങ് മൊബൈൽ ഫോൺ എന്നിവയും കൈവശമുണ്ടെന്നാണ് യോഗി ആദിത്യനാഥ് തെര‍ഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുള്ളത്. തനിക്കെതിരെ ക്രിമിനൽ കേസുകളൊന്നുമില്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ഇതാദ്യമായണ് ഗോരഖ്പൂരിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി മത്സരിക്കുന്നത്. വരുന്ന മാര്‍ച്ച് മൂന്നിനാണ് ആറാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോരഖ്പൂരിൽ വോട്ടെടുപ്പ്. പത്രികസമർപ്പണത്തിനുശേഷം യോഗി ആദിത്യനാഥ് മീററ്റിലെ വോട്ടര്‍മാരെയും അഭിസംബോധന ചെയ്തു.