‘നരേന്ദ്രമോഡി സൈനികവേഷം ധരിച്ചത് ശിക്ഷ ലഭിക്കാവുന്ന കുറ്റം’; പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസയച്ച് കോടതി

0
94

നരേന്ദ്രമോഡി സൈനികരുടെ വേഷം ധരിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ഉത്തര്‍പ്രദേശ് കോടതി നോട്ടീസയച്ചു. കശ്മീര്‍ സന്ദര്‍ശന സമയത്ത് ഇന്ത്യന്‍ ആര്‍മിയുടെ വേഷം ധരിച്ചതിനാണ് ജില്ലാ കോടതി നോട്ടീസ് അയച്ചത്. പ്രയാഗ് രാജ് ജില്ലാ ജഡ്ജി നളിന്‍കുമാര്‍ ശ്രീവാസ്തവയാണ് നോട്ടീസയക്കാന്‍ ഉത്തരവിട്ടത്. കഴിഞ്ഞവർഷം ദീപാവലി ആഘോഷങ്ങൾക്കിടയിലാണ് നരേന്ദ്രമോഡി സൈനികവേഷം ധരിച്ച് ചടങ്ങിൽ പങ്കെടുത്തത്. കശ്‍മീരിലായിരുന്നു പരിപാടി.

 

സൈനികരല്ലാത്ത ആളുകള്‍ സൈനികരുടെ വേഷമോ ടോക്കണ്‍ അടക്കമുള്ള ചിഹ്നങ്ങളോ ധരിക്കുന്നത് കുറ്റകരമാണെന്ന് കാണിച്ച് അഭിഭാഷകനായ രാകേഷ് നാഥ് പാണ്ഡെ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ഇന്ത്യൻ ശിക്ഷാനിയമം 140 വകുപ്പനുസരിച്ച് ശിക്ഷാർഹമായ കുറ്റമാണ് പ്രധാനമന്ത്രി ചെയ്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. 2016 മുതല്‍ മോദി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് വരികയാണ്. 2017 മുതലാണ് സൈനിക വേഷത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.

കഴിഞ്ഞ ഡിസംബറില്‍ തന്നെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരുന്നുവെങ്കിലും അത് തള്ളി. കോടതിയുടെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണെന്ന് പറഞ്ഞായിരുന്നു അന്ന് ഹർജി തള്ളിയത്. തുടർന്നാണ് ജില്ലാ ജഡ്ജിക്ക് മുമ്പാകെ ഹരജി സമര്‍പ്പിക്കുകയായിരുന്നു.