പത്തനംതിട്ടയില്‍ അതിഥിത്തൊഴിലാളിയെ അടിച്ചുകൊന്നു, കരാറുകാർ കസ്റ്റഡിയിൽ

0
85

പത്തനംതിട്ട കല്ലൂപ്പാറയില്‍ അതിഥിത്തൊഴിലാളിയെ കരാറുകാര്‍ അടിച്ചുകൊന്നു. തമിഴ്‌നാട് മാര്‍ത്താണ്ഡം തക്കല സ്വദേശി സ്റ്റീഫനാ (34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തക്കല സ്വദേശികളും കരാറുകാരുമായ സുരേഷ്, ആല്‍ബിന്‍ ജോസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും സഹോദരന്മാരാണ്. കല്ലൂപ്പാറ എഞ്ചിനിയറിംഗ് കോളജിന് സമീപമാണ് സംഭവം.

വ്യാഴാഴ്ച രാത്രി മദ്യപിക്കുന്നതിനിടെ സുരേഷും ആല്‍ബിനും സ്റ്റീഫനുമായി വാക്കുതര്‍ക്കമുണ്ടായി. നേരത്തെ ആല്‍വിന്റെ കീഴില്‍ സ്റ്റീഫന്‍ കെട്ടിട നിര്‍മാണജോലി ചെയ്തിരുന്നു. ഇതില്‍ കുറച്ച് ദിവസത്തെ കൂലി ലഭിക്കാനുണ്ടായിരുന്നു. ഇത് ചോദിക്കാനെത്തിയപ്പോഴുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

ശബ്ദം കേട്ടെത്തിയ ക്യാംപിലെ മറ്റ് തൊഴിലാളികളാണ് ക്രൂരമായി മര്‍ദനമേറ്റ സ്റ്റീഫനെ ആശുപത്രിയിലെത്തിച്ചത്. ആല്‍വിനും സുരേഷും ഇരുമ്പ് കമ്പികൊണ്ട് സ്റ്റീഫനെ അടിച്ചുകൊല്ലുകയായിരുന്നെന്നാണ് വിവരം. ഇരുവരെയും കല്ലൂപ്പാറ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.