വീട് നിർമാണത്തിന് മണ്ണ് എടുക്കുന്നതിനിടെ നന്നങ്ങാടികളും സൂക്ഷ്‌മ ശിലാ ഉപകരണങ്ങളും കണ്ടെത്തി

0
61

അരീക്കോട് ഉഗ്രപുരത്ത് വീട് നിർമാണത്തിന് മണ്ണ് എടുക്കുന്നതിനിടെ നന്നങ്ങാടികളും സൂക്ഷ്‌മ ശിലാ ഉപകരണങ്ങളും കണ്ടെത്തി. പെരുമ്പറമ്പ് ആനക്കല്ലിങ്ങൽ രമേശിന്റെ പറമ്പിൽ നിന്നാണ് നന്നങ്ങാടികളും സൂക്ഷ്‌മ ശിലാ ഉപകരണങ്ങളും കണ്ടെത്തിയത്.

തുടർന്ന് ഫാറൂഖ് കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ. ടി മുഹമ്മദലിയുടെ നേതൃത്വത്തിൽ അധ്യാപകർ സ്‌ഥലം സന്ദർശിച്ചു ശേഷിപ്പുകൾ പരിശോധിച്ചു. ഇവ കോളേജ് ചരിത്ര വിഭാഗം മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. 50 സെന്റീമീറ്റർ അകലത്തിൽ 2 നന്നങ്ങാടികളാണ് പറമ്പിൽ നിന്നു കണ്ടെത്തിയത്.

അധ്യാപകർ നടത്തിയ പ്രാദേശിക പര്യവേക്ഷണത്തിൽ തൊട്ടടുത്ത പറമ്പിൽ പ്രാചീന കാലത്തെ കൽത്തുളകൾ, സൂക്ഷ്‌മ ശിലായുധം, മധ്യകാലഘട്ടത്തിലേതെന്നു തോന്നിപ്പിക്കുന്ന തിളങ്ങുന്ന മൺപാത്ര കഷ്‌ണങ്ങൾ എന്നിവയും കണ്ടെടുത്തു.

ഇരുമ്പുയുഗ കാലത്തും മധ്യകാലത്തും പ്രദേശത്ത് വ്യാപകമായ കുടിപ്പാർപ്പുകൾ ഉണ്ടായിരുന്നതിന്റെ വ്യക്‌തമായ സൂചനകളാണ് പര്യവേക്ഷണത്തിൽ തെളിഞ്ഞതെന്ന് ഡോ. ടി മുഹമ്മദലി പറഞ്ഞു. അധ്യാപകരായ ഡോ. സിഎ അനസ്, ഡോ. യു ഷുമൈസ്, ഗവേഷക വിദ്യാർഥി കെ ഷബ്‌ന എന്നിവർ സംഘത്തിലുണ്ടായിരുന്നു.