വാവ സുരേഷിനെ വെന്റിലേറ്ററിൽനിന്ന്‌ മാറ്റി; സ്വന്തമായി ശ്വസിച്ചുതുടങ്ങി

0
106

മൂർഖൻ്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ വെന്റിലേറ്ററിൽനിന്ന്‌ മാറ്റി. തലച്ചോറിന്റെ പ്രവർത്തനത്തിൽ കാര്യമായ പുരോഗതി ഉണ്ടെന്ന്‌ ഡോക്‌ടർമാർ അറിയിച്ചു. വെന്റിലേറ്റർ സഹായമില്ലാതെ വാവ സുരേഷ്‌ ശ്വസിച്ചുതുടങ്ങി. ഡോക്‌ടർമാരോടും ആരോഗ്യപ്രവർത്തകരോടും സംസാരിച്ചു.
ഇത്തരത്തിലുള്ള ചുരുക്കം ചില രോഗികള്‍ക്കെങ്കിലും വെന്റിലേറ്റര്‍ സഹായം വീണ്ടും ആവശ്യമായി വരാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹത്തെ 24 മുതല്‍ 48 മണിക്കൂര്‍ വരെ ഐസിയുവില്‍ നിരീക്ഷിക്കുവാനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു.

ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയെന്നുമാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നത്.
ഇന്നലെ വൈകീട്ടോടെ തന്നെ സുരേഷിന്റെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുരേഷ് അബോധാവസ്ഥയില്‍ നിന്നു പതിയെ തിരിച്ചുകയറുകയാണ് എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇന്നലെ ഉച്ചയോടെ കണ്ണുകള്‍ പൂര്‍ണമായും തുറന്നു.

എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ തിരിച്ചു കിട്ടിയോ എന്ന് അറിയാന്‍ വെന്റിലേറ്ററില്‍ നിന്നു മാറ്റിയാല്‍ മാത്രമേ കഴിയൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. വെന്റിലേറ്ററില്‍ നിന്നു മാറ്റിയാലും ഒരാഴ്ചയെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തിച്ചികിത്സ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ഹൃദയത്തിന്റെയും വൃക്കകളുടെയും മറ്റ് ആന്തരിക അവയവങ്ങളുടെയും പ്രവര്‍ത്തനം സാധാരണനിലയിലാണ്. രക്തസമ്മര്‍ദവും സാധാരണ നിലയിലാണെന്നും ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.